കാരുണ്യയുടെ കനിവ് കൊടുങ്ങല്ലൂരിലേക്ക്: അടച്ചുറപ്പുള്ള വീട് പണിയണമെന്ന് സാജേഷ്

17

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എണ്‍പത് ലക്ഷം രൂപ ആനാപ്പുഴ അഞ്ചങ്ങാടി വടക്ക് ഭാഗത്ത് വാലിപറമ്പില്‍ ബാലന്റെ മകന്‍ സാജേഷ് എടുത്ത ടിക്കറ്റിനാണ്.

കോട്ടപ്പുറം മേനക തിയേറ്ററിന് സമീപത്തുള്ള വര്‍ക്ക് ഷോപ്പില്‍ വെല്‍ഡിങ് തൊഴിലാളിയായ ഇദ്ദേഹം ഞായറാഴ്ചയായതിനാല്‍ ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് ടിക്കറ്റ് നല്‍കിയ ബന്ധുകൂടിയായ വില്‍പ്പനകാരന്‍ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ച് നമ്പര്‍ നോക്കുവാന്‍ പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. ഇത് ശരിതന്നെയെന്ന് ഉറപ്പുവരുത്തുവാന്‍ വൈകീട്ട് അഞ്ചുമണി വരെ കാത്തിരുന്നു. ലോട്ടറി വില്‍പ്പനക്കാരില്‍ സമ്മാനവിവരങ്ങള്‍ അടിച്ചുവന്ന പേപ്പര്‍ പരിശോധിച്ചാണ് ഉറപ്പുവരുത്തിയത്.

വയസ്സായ അച്ഛനെയും അമ്മയെയും ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് എന്ന എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു സാജേഷ് പറയുന്നു. ടിക്കറ്റെടുത്തകാര്യം ഓര്‍മ്മവരുന്നത് ലോട്ടറിക്കാരന്റെ ഫോണ്‍ വന്നപ്പോഴാണ്. പഴയ വീട് പൊളിച്ച് പുതിയ വീട് പണിയണം. പ്രളയത്തിന് മുമ്പേ 2017 ല്‍ വീടിനു വേണ്ടി അപേക്ഷ നല്‍കിയിട്ടും പലവിധ കാരണങ്ങളാല്‍ നിഷേധിക്കപ്പെട്ടു. ഇതിനിടയില്‍ എത്തിയ പ്രളയത്തില്‍ വീടിന്റെ തകര്‍ച്ച പൂര്‍ണമായപ്പോഴും വീട് ലഭിക്കുമെന്ന് മോഹിച്ചു.

വില്ലേജിലും, മുനിസിപ്പാലിറ്റിയിലും താലൂക്ക് ഓഫീസിലും പല തവണ കയറി ഇറങ്ങി. പരിശോധനയ്ക്ക് വന്നവര്‍ പുതിയ വീടിന് അര്‍ഹതയുണ്ടെന്ന് മാറിമാറി പറഞ്ഞു. എന്നാല്‍, എവിടെനിന്നും ഒരു നടപടിയും ഉണ്ടായില്ല. ഒടുവില്‍ 1,20,000 രൂപ പാസായി. എങ്കിലും നഗരസഭ ഭരണസമിതിയുടെ കാലാവധി കഴിയുന്ന ദിവസം വരെ സാജേഷ് വീടിനായി നഗരസഭാ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ആനുകൂല്യം ലഭിച്ചില്ല. ഇനി ആരുടെയും സഹായമില്ലാതെ വീട് നിർമ്മിക്കാമെന്ന ആശ്വാസത്തിലാണ് സാജേഷ്