
ദേശീയ ആരോഗ്യ മിഷൻ ചാലക്കുടി നഗരസഭയിൽ അനുവദിച്ച മൂന്ന് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലെ പടിഞ്ഞാറെ ചാലക്കുടി സെന്റർ ഉദ്ഘാടനം ബെന്നി ബെഹനാൻ എംപി നിർവ്വഹിച്ചു.
ചാലക്കുടി നഗരസഭയിലെ വി ആർ പുരം അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പോട്ട, നോർത്ത് ചാലക്കുടി, പടിഞ്ഞാറെ ചാലക്കുടി എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ജില്ലയിൽ ആദ്യ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
സെന്ററുകളുടെ പ്രവർത്തനത്തിനായി നഗരസഭ കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്ത് സജ്ജീകരണങ്ങൾ ഒരുക്കി ഓരോ സെന്ററുകളിലേക്കും ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് പ്രവർത്തന സജ്ജമാക്കി. ആരംഭത്തിനും തുടർ പ്രവർത്തനങ്ങൾക്കുമായി 15-ാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് വിഹിതമായി അനുവദിച്ച 1.33 കോടി രൂപ ചെലവിലാണ് സെന്ററുകൾ ഒരുക്കിയിട്ടുള്ളത്. സെന്ററുകളുടെ തുടർ പ്രവർത്തനങ്ങൾക്കായ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കും.
ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ജെ സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.