തൃശൂരിൽ ജോലിക്കെത്തിയ അന്തർ സംസ്ഥാന തൊഴിലാളിയെ ഒരു വർഷമായി കാണാനില്ലെന്ന് ബംഗാളിൽ നിന്നും ഭാര്യയുടെ പരാതി: അന്വേഷണം തുടങ്ങി; വിവരങ്ങളറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ്

47

തൃശൂർ പാട്ടുരായ്കലിൽ നിർമ്മാണം നടക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ ജോലിക്കാരനായിരുന്ന അതിഥിതൊഴിലാളിയെ കാണാനില്ലെന്നു പരാതി. വെസ്റ്റ് ബംഗാൾ ജൽപാഗുരി ദുപ്ഗുരിയ ഉത്തർ ഖാത്തുലിയ സ്വദേശി രത്തൻ സർക്കാർ(35) എന്നയാളെ കാണാനില്ലെന്നു കാണിച്ച് വെസ്റ്റ് ബംഗാളിൽ താമസിക്കുന്ന ഭാര്യ പിങ്കി സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക്  സമർപ്പിച്ച പരാതിയെത്തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാട്ടുരായ്കൽ പൊന്നുവീട്ടിൽ ലൈനിലായിരുന്നു ഇയാൾ വാടകക്ക് താമസിച്ചിരുന്നത്. സ്ഥലത്തു നിന്നും നാട്ടിലേക്ക് പോകുകയാണെന്നു പറഞ്ഞ് പോയ ഇയാൾ വീട്ടിലേക്ക് എത്തിയില്ലെന്നും, പിന്നീട് വിവരമൊന്നുമില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ, ഇയാൾ വാടകക്ക് താമസിച്ചിരുന്ന സ്ഥലത്തുനിന്നും കാണാതായത് 2022 ജൂൺ രണ്ടാം തിയതിയാണെന്ന് വ്യക്തമായിട്ടുണ്ട്. പോകുന്ന സമയം സുഹൃത്തിന്റെ ഒരു മൊബൈൽഫോണും ഇയാൾ മോഷണം ചെയ്തിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ ഏതാനും ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി സൂചന ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തിലും ഇയാളെ കണ്ടെത്താനായില്ല. എന്നാൽ, തൃശൂരിൽ നിന്നും കാണാതായ ദിവസം മുതൽ ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ഭാര്യയുടെ പരാതിയിൽ. ഇയാളുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും ഉൾക്കൊള്ളിച്ച് ബസ് സ്റ്റാൻഡുകളിലും മറ്റും പോസ്റ്ററുകൾ പതിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.  ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ്. ഫോൺ: 0487-2424192, 9497987130, 9846928797.

Advertisement
Advertisement