
തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റത്തിനിടെ തിരുവമ്പാടിക്കാരുടെ വമ്പന്‍ സസ്പെന്‍സ്. ഖത്തറിലെ ലുസൈലില്‍ ലോകകപ്പുയര്‍ത്തി നില്‍ക്കുന്ന ഫുട്ബോള്‍ മിശിഹാ സാക്ഷാല്‍ ലയണല്‍ മെസിയെ ശക്തന്‍റെ തട്ടകമായ തൃശൂര്‍ പൂരത്തിലും അവതരിപ്പിച്ചായിരുന്നു തിരുവമ്പാടിക്കാര്‍ ഞെട്ടിച്ചത്. കുടമാറ്റത്തിന്‍റെ വർണ വിസ്മയത്തിൽ അലിഞ്ഞ് തൃശൂർ നഗരം പൂരത്തിന്‍റെ പാരമ്യത്തിലേക്ക് എത്തുമ്പോഴായിരുന്നു കാഴ്ചക്കാരെയാകെ അത്ഭുതപ്പെടുത്തി മെസ്സിയുടെ രൂപമുയരുന്നത്. ആര്‍പ്പുവിളികളോടെയും ആരവങ്ങളോടെയുമാണ് ജനങ്ങള്‍ ‘മെസി സസ്പെന്‍സിനെ’ സ്വീകരിച്ചത്. തിരുവമ്പാടി ദേവസ്വത്തിന്‍റെ പൂരാശംസകള്‍ എന്ന് മെസിയുടെ രൂപത്തിനൊപ്പം എല്‍.ഇ.ഡി ലൈറ്റുപയോഗിച്ച് എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് വര്‍ണക്കുടകളുയര്‍ത്തിയായിരുന്നു കുടമാറ്റക്കാഴ്ചകൾ അവതരിപ്പിച്ചിരുന്നത്. കുടകള്‍ക്ക് പുറമേ കോലങ്ങളും രൂപങ്ങളും ഉയര്‍ത്തി ഇരുവിഭാഗങ്ങളും ആവേശത്തിലാക്കി. വീണ്ടും വിസ്മയിപ്പിക്കാനിരിക്കുന്നുണ്ടെന്ന തോന്നലുളവാക്കിക്കൊണ്ടാണ് കുടമാറ്റം പുരോഗമിച്ചത്. കൈലാസനാഥനും ഗുരുവായൂരപ്പനുമൊക്കെ പൂരനഗരിയില്‍ ആവേശം വിതറി. ഒടുവില്‍ തേക്കിന്‍കാട് മൈതാനത്തെ ആവേശത്തിന്റെ പരകോടിയിലേക്ക് തള്ളിവിട്ടായിരുന്നു തിരുവമ്പാടിയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കുട ഉയര്‍ത്തിയുള്ള സസ്പെൻസ്. ത്രിസന്ധ്യയില്‍ മഴവില്ലഴക് വിരിയിച്ച് മെസ്സി ഉയര്‍ന്നുനിന്നപ്പോള്‍ തേക്കിന്‍കാട് മൈതാനത്തെ ആവേശം അണപ്പൊട്ടി. ആരാധകര്‍ ടീ ഷര്‍ട്ട് മുകളിലുയര്‍ത്തി ആവേശത്തിലാറാടുന്നതും കാണാമായിരുന്നു.