അഞ്ച് ദിവസം 29 അപകട മരണം; ഓണാഘോഷം പൊലിമയുള്ളതായിരുന്നു പക്ഷെ, കണക്കുകൾ വേദനിപ്പിക്കുന്നുവെന്ന് കേരള പോലീസ്

16

ഓണത്തോടനുബന്ധിച്ച ആഘോഷത്തിന്റെ അഞ്ച് ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് വാഹനാപകടത്തില്‍ മരിച്ചത് 29 പേര്‍. ഈ മാസം 07 മുതല്‍ 11 വരെ സംഭവിച്ച വാഹനാപകടത്തിന്റെ കണക്കുകള്‍ കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഈ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മരണമടഞ്ഞ പതിനൊന്ന് ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഓണാഘോഷം പൊലിമയുള്ളതായിരുന്നെങ്കിലും കണക്കുകള്‍ വേദനിപ്പിക്കുന്നതാണെന്ന് ആമുഖമായി സൂചിപ്പിച്ചുകൊണ്ടാണ് കേരള പൊലീസ് കണക്കുകള്‍ പുറത്തുവിട്ടത്. ഉത്രാട ദിനമായ ഏഴാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെ 20 ടു വിലര്‍ അപകടങ്ങളാണുണ്ടായത്. 12 ഫോര്‍വീലര്‍ വാഹനാപകടങ്ങള്‍, ആറ് ഓട്ടോ വാഹനാപകടങ്ങള്‍ എന്നിവയും ഈ ദിവസങ്ങളിലുണ്ടായി. അഞ്ച് ലോറികളും രണ്ട് സ്വകാര്യ ബസുകളും മൂന്ന് കെഎസ്ആര്‍ടിസി ബസുകളും അപടകത്തില്‍പ്പെട്ടു. ഈ അപകടങ്ങളില്‍ ആകെ 29 യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ച് ദിവസത്തെ മാത്രം കണക്കുകള്‍ ഇത്ര വലുതായതിനാല്‍ തന്നെ ഇവ വേദനിപ്പിക്കുന്നതാണ്. ഹെല്‍മറ്റ് ഇല്ലാത്ത 11 ഇരുചക്രവാഹനയാത്രക്കാര്‍ മരിച്ചത് വസ്തുതയാണ്. റോഡുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും കേരള പൊലീസ് ഓര്‍മിപ്പിച്ചു.

Advertisement
Advertisement