അനധികൃത നിർമാണം; ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്

29

തിരുവനന്തപുരം ഈഞ്ചക്കലിന് സമീപത്തുള്ള ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ അനധികൃതനിർമ്മാണം ക്രമപ്പെടുത്തിയില്ലെങ്കിൽ പൊളിക്കാനാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ വിധി വന്ന് ഒരുമാസം കഴിഞ്ഞിട്ടും കെട്ടിടം ക്രമപ്പെടുത്താൻ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. അനുമതി ഇല്ലാതെ കെട്ടിടം പണി അറിഞ്ഞിട്ടില്ല എന്നാണ് നഗരസഭയുടെ നിലപാട്.
ഐ.എൻ.ടി.യു.സിയുടെ തന്നെ നേതാവായ അടുമൻകാട് വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാന്റെ വിധി. വിധിക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓംബുഡ്സ്മാൻ പരിശോധിച്ചിരുന്നു. അതിന് ശേഷം കോർപ്പറേഷൻ സെക്രട്ടറിയോട് കെട്ടിടത്തിന്റെ സ്ഥിതി വിവരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കോർപ്പറേഷൻ എഞ്ചിനിയറെ കൊണ്ട് പരിശോധിപ്പിച്ച ശേഷം, കെട്ടിടത്തിന് ആവശ്യമായ ഒരു വകുപ്പുകളുടേയും എൻ.ഒ.സി. ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയത്. ഇത് പരിഗണിച്ചായിരുന്നു ഓംബുഡ്സ്മാനറെ ഉത്തരവ്.
കെട്ടിടം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാൻഡിങ് ഏരിയയിലാണ്. മേഖലയിൽ രണ്ടു നിലക്ക് അപ്പുറമുള്ള കെട്ടിടം പണിയാൻ പാടില്ലെന്നാണ് നിയമം. കെട്ടിടം പണിയാൻ വിമാനത്താവള അതോറിറ്റിയുടേയും സതേൺ എയർ കമാൻഡിന്റേയും എൻ.ഒ.സി. വേണം. എന്നാൽ ഈ കെട്ടിടത്തിന് അങ്ങനെ ഒരു എൻ.ഒ.സി. ഇല്ല. ഇത് ലഭിച്ചാൽ മാത്രം തുടന്നുള്ള മറ്റു വകുപ്പുകളുടെ അനുമതി ലഭിക്കൂ. അതുകൊണ്ട് തന്നെ ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി, നഗരസഭയുടെ അനുമതി തുടങ്ങിയവ ഇല്ലെന്നാണ് റിപ്പോർട്ട്.
മെയ് മൂന്നിനായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടം. എ.കെ. ആന്റണിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Advertisement
Advertisement