ആവാസവ്യവസ്ഥയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന താളം പുനസ്ഥാപിക്കാൻ ആവശ്യമായ നയങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി: ക്ളിഫ് ഹൗസിൽ കുടുംബത്തോടൊപ്പം മരംനട്ട് മുഖ്യമന്ത്രിയുടെ പരിസ്ഥിതി ദിനാചരണം

10

പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ആവാസവ്യവസ്ഥയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന താളം പുനസ്ഥാപിക്കാൻ ആവശ്യമായ നയങ്ങളും പദ്ധതികളും കണ്ടെത്താനും നടപ്പിലാക്കാനുമാണ് ഈ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ ഹരിത കേരളത്തിന്റെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രകൃതിയ്ക്കനുഗുണമായ കാർഷിക രീതികൾ പ്രോൽസാഹിപ്പിക്കുക, മാലിന്യനിർമ്മാർജ്ജനം ശാസ്ത്രീയവും കാര്യക്ഷമവുമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാരിനു സാധിച്ചിട്ടുണ്ട്.
തുടർന്നുള്ള വർഷങ്ങളിൽ ഈ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ മുന്നോട്ട് കൊണ്ടുപോകണം. ഉദ്യമങ്ങൾ വിജയിക്കാൻ ജനങ്ങളുടെ പിന്തുണയും ഇടപെടലുകളും ആവശ്യമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.