ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്; റെക്കോർഡിട്ട് വില്പന

39

ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിന് ഞായറാഴ്ച രണ്ടിന് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുക്കും. 25 കോടിയുടെ ഒന്നാം സമ്മാനവുമായി സമ്മാനത്തുകയില്‍ റെക്കോഡിട്ട ഈ ഭാഗ്യക്കുറി വില്‍പ്പനയിലും അങ്ങനെതന്നെ. ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത് 66.5 ലക്ഷം ടിക്കറ്റുകള്‍.
കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഇനി ശേഷിക്കുന്നത് ഏകദേശം ഒരു ലക്ഷം ടിക്കറ്റുകള്‍കൂടി മാത്രം. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ ലഭിക്കും. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു.
500 രൂപയാണ് വില. ചെറിയ ഏജന്റുമാര്‍ക്ക് 95 രൂപയും 1000 ടിക്കറ്റില്‍ക്കൂടുതല്‍ വില്‍ക്കുന്ന വലിയ ഏജന്റുമാര്‍ക്ക് 99.69 രൂപയും കമ്മിഷനായി നല്‍കും. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്. 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സര്‍ക്കാരിന് കിട്ടുന്നത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.

Advertisement
Advertisement