കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു

5

രാജ്ഭവനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. രാഹുൽ ഗാന്ധിയെ തുടർച്ചയായി ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ രാജ് ഭവന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Advertisement

കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. രാജ് ഭവന് മുന്നിൽ മാർച്ച് തടയാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാനുള്ള ശ്രമത്തിനൊടുവിലാണ് സംഘർഷമുണ്ടായത്.

ഒരു ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. പോലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. ഇതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ കണ്ണീർ വാതകവും പ്രയോഗിച്ചു.

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാർച്ചായിരുന്നെങ്കിലും പ്രവർത്തകർ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞതോടെയാണ് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ച് പോലീസ് നേരിട്ടത്.

Advertisement