ഗവർണറുടെ അസാധാരണ നടപടികളിൽ വിമർശന മുഖപ്രസംഗങ്ങളുമായി മാധ്യമങ്ങൾ: പ്രതിസന്ധി ഒഴിവാക്കാൻ ഗവർണർ ബാധ്യസ്ഥനെന്ന് ജന്മഭൂമി, ഗവർണറുടെ ഓഫീസിന്റെ മഹത്വം ഇല്ലാതാക്കിയെന്ന് ഹിന്ദു

13

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻറെ നിലപാടുകൾക്കെതിരെ മുഖപത്രമെഴുതി മാധ്യമങ്ങൾ. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയടക്കം ബുധനാഴ്‌ചയിറങ്ങിയ മിക്ക പത്രങ്ങളും ഗവർണറുടെ നിലപാടുകളെ തള്ളിപ്പറഞ്ഞാണ് മുഖപ്രസംഗങ്ങൾ. രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത അസാധാരണ നടപടിയെ ഭരണഘടനാ വിദഗ്ദരടക്കം വിമർശിച്ചിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ലോകസഭാ മുൻ സെക്രട്ടറി പി.ഡി.ടി ആചാരി അടക്കം രംഗത്ത് വന്നതിന് പിന്നാലെയാണ് മാധ്യമങ്ങളും ഗവർണറെ വിമർശിച്ചതെന്നതാണ് ശ്രദ്ദേയം. ഭരണഘടനാ പ്രതിസന്ധിയിലേക്ക്‌ സ്ഥിതിഗതികൾ നീങ്ങുന്നത്‌ തടയാനുള്ള ഇടപെടലുകൾ ഗവർണറിൽനിന്നുതന്നെ ഉണ്ടാകണമെന്നും പ്രതിസന്ധി ഒഴിവാക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും ബി.ജെ.പി മുഖപത്രം ജന്മഭൂമി എഴുതുന്നു.
ഗവർണറുമായി അനുരഞ്ജനമാണ്‌ സർക്കാർ തേടിയിരുന്നതെന്ന്‌ ‘മനോരമ’ പറയുന്നു. ഒരുഘട്ടത്തിൽ ചാൻസലർ സ്ഥാനമൊഴിയാൻവരെ തയ്യാറെടുത്തതാണ്‌ ഗവർണർ. അന്ന്‌ ഗവർണറെ നോവിക്കാതെ അനുരഞ്ജനപാത തേടുകയായിരുന്നു‌ മുഖ്യമന്ത്രിയെന്ന്‌ മനോരമ.‌ ബില്ലുകൾ ഒപ്പിടുന്നത്‌ ഭരണഘടനാ ബാധ്യതയാണെന്നിരിക്കെ, വച്ചുനീട്ടാനല്ലാതെ തള്ളാൻ ഗവർണർക്കാകില്ലെന്നും മനോരമ വ്യക്‌തമാക്കുന്നു.
നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കണമെങ്കിൽ പൊതുഭരണ സെക്രട്ടറിയെ മാറ്റണമെന്ന്‌ ശഠിച്ച്‌ സർക്കാരിനെ മുൾമുനയിൽ നിർത്തി, ആവശ്യം അംഗീകരിപ്പിച്ചതിനെ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ്‌ ഇപ്പോൾ ഉണ്ടാകുന്നതെന്ന്‌ ‘മാതൃഭൂമി’ മുഖപ്രസംഗം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും ഗവർണറുടെയും ഭരണഘടനാനുസൃതമായ  അധികാരാവകാശങ്ങൾ ഇരുവരും അംഗീകരിച്ച്‌ പരസ്‌പര ബഹുമാനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും മാതൃഭൂമി പറയുന്നു.
മുഴുനീള വാർത്താസമ്മേളനത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ പെരുമാറിയ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ഗവർണറുടെ ഓഫീസിന്റെ മഹത്വം ഇല്ലാതാക്കിയെന്ന്‌ ദി ഹിന്ദു മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാത്ത, കേന്ദ്ര സർക്കാരാൽ നിയമിക്കപ്പെടുന്ന ഗവർണർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ജനസമ്മതിയെ മാനിക്കാൻ തയ്യാറാകണമെന്ന്‌ ദി ഹിന്ദു ഓർമിപ്പിക്കുന്നു. ഒഴിവാക്കാനാകുമായിരുന്ന പതനത്തിലേക്കാണ്‌ ഗവർണർ എത്തിപ്പെട്ടത്‌. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിസ്ഥാനം ജനകീയ ഭൂരിപക്ഷമാണ്‌. സർക്കാരും ഗവർണറും സമാധാനാന്തരീക്ഷത്തിൽ പരിഹാരമാർഗം കണ്ടെത്തി നാടിന്റെ വികസനം ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖപ്രസംഗം പറയുന്നു. കഴിഞ്ഞ ദിവസം സി.പി.എം സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും കടുത്ത ഭാഷയിൽ പ്രതികരണങ്ങൾ നടത്തിയതിന് പിന്നാലെയാണ് മറ്റ് മാധ്യമങ്ങളും ഗവർണറുടേത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് ഓർമിപ്പിച്ച് മുഖപ്രസംഗമെഴുതി രംഗത്ത് വന്നിരിക്കുന്നത്.

Advertisement
Advertisement