ഗവർണർക്കെതിരെ തുറന്ന പോരിന് സി.പി.എം; ഗവർണറിൽ നിന്നും പദവിക്ക് നിരക്കാത്ത സമീപനം, തെറ്റായ പ്രചാരവേല നടത്തുന്നുവെന്ന് എം.വി ഗോവിന്ദൻ

3

ഗവർണർക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ ഭാഗത്ത് നിന്ന്  പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നെന്നാണ് എം വി ഗോവിന്ദന്‍റെ വിമര്‍ശനം. സർക്കാരിനും സർവ്വകലാശാലക്കും എതിരെ തെറ്റായ പ്രചാരവേല ഗവര്‍ണര്‍ നടത്തുന്നു. ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണവും എം വി ഗോവിന്ദൻ തള്ളി. പൗരത്വ ദേഭഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണ്. ഗവർണർ പറയുന്നത് ലോകത്ത് ആരും വിശ്വസിക്കാത്ത കാര്യമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സി.പി.എമ്മിനെയും എസ്‍എഫ്ഐയേയും പരോക്ഷമായി ഗവര്‍ണര്‍ കടന്നാക്രമിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.  കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെയുണ്ടായ വധശ്രമത്തിന് പിന്നിൽ മുഖ്യമന്ത്രിയെയും സംശയിച്ചാണ് ഗവർണറുടെ ഇന്നത്തെ പ്രതികരണം. തന്‍റെ ശാരീരിക സ്ഥിതിയിൽ ഭയമുണ്ടെന്ന് പറഞ്ഞ ഗവർണര്‍ ചരിത്ര കോൺഗ്രസില്‍ നടന്നതിന്‍റെ തെളിവുകൾ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കുന്നത്. എന്നാൽ സ്വാഭാവികമായുണ്ടായ പ്രതിഷേധത്തെ ഗവർണര്‍ പെരുപ്പിച്ച് കാട്ടുന്നുവെന്നാണ് സി.പി.എം മറുപടി. തെളിവ് പുറത്തുവിടാന്‍ പാർട്ടി സെക്രട്ടറി വെല്ലുവിളിച്ചു.

Advertisement
Advertisement