കോണ്‍ഗ്രസ് നേതൃത്വം കൊട്ടിഘോഷിച്ച് നടത്തിയ ഉദയ്പൂര്‍ ചിന്തന്‍ ശിബിര തീരുമാനങ്ങള്‍ അട്ടിമറിച്ച് ഗ്രൂപ്പുകളെ പിണക്കാതെ തയ്യാറാക്കിയ കെ.പി.സി.സി ഭാരവാഹി പട്ടിക എ.ഐ.സി.സി തള്ളി.യുവാക്കള്‍ക്കും വനിതകള്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഒരു നിയമസഭാനിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍. അങ്ങിനെ 140 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 280 പേരെയാണ് കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. യുവാക്കള്‍ക്കും വനിതകള്‍ക്കും ദളിത് വിഭാഗത്തില്‍ നിന്നുളളവര്‍ക്കുമായി കൂടുതല്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും സംഘടനാ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് അതിപ്രസരം പാടില്ലെന്നുമുളള ഉദയ്പൂര്‍ ചിന്തന്‍ശിബിര തീരുമാനം പുറത്തു വന്നതിനു പിന്നാലെയാണ് കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ചയിലേക്ക് കടന്നത്. എന്നാല്‍ ചിന്തന്‍ശിബിര തീരുമാനങ്ങളാകെ ലംഘിച്ചുളള പട്ടികയായിരുന്നു തയ്യാറാക്കിയത്. നിലവിലുളള കെപിസിസി അംഗങ്ങളില്‍ ഭൂരിഭാഗം പേരെയും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പട്ടിക തയാറായിരിക്കുന്നത്. പാര്‍ട്ടി വിട്ടു പോയവരും, മരിച്ചു പോയവരും ഉള്‍പ്പെടെ 44 പേരുടെ ഒഴിവുകളിലേക്ക് മാത്രമാണ് പുതിയ ആളുകളെ കണ്ടെത്തിയിരുന്നത്. അവിടെയും ഗ്രൂപ്പ് നോക്കിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. തയാറാക്കിയ പട്ടികയനുസരിച്ച് രണ്ട് വനിതകൾ മാത്രമാണ് പുതിയതായി എത്തിയത്. യുവ , ദളിത് പ്രാതിനിധ്യവും നാമമാത്രം. സജീവ സംഘടനാ പ്രവര്ത്തനത്തിലില്ലാത്തവരെയും കിടപ്പു രോഗികളായ നേതാക്കളെയും പാർട്ടിയിൽ നിന്നും പോയി മറ്റൊരു പാർട്ടിയിൽ ഭാരവാഹിയായി തിരിച്ചെത്തിയവരെയടക്കം പട്ടികയിൽ പരിഗണിച്ചിരുന്നു.
ചിന്തിൻ ശിബിർ തീരുമാനങ്ങൾ അട്ടിമറിച്ച കെ.പി.സി.സി ഭാരവാഹി പട്ടിക എ.ഐ.സി.സി തള്ളി
Advertisement
Advertisement