ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമ ഒടിടി പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് പൊലീസ് സമിതി റിപ്പോർട്ട്. ചുരുളി എന്ന ചിത്രവും അതിലെ ഭാഷയും സംഭാഷണങ്ങളും ആ ചിത്രത്തിന്റെ കഥാസന്ദര്‍ഭത്തിന് യോജിച്ചതും ഒരു കലാസൃഷ്ടിക്ക് ഉതകുന്നതും കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്പെടുന്നതാണെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കുകയോ ചട്ടങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യാത്തതു കൊണ്ടും ചുരുളി എന്ന സിനിമയ്ക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികള്‍ ഒന്നും എടുക്കേണ്ടതില്ല എന്ന് കമ്മിറ്റി നിർദേശിച്ചു.
സിനിമയിൽ കുറ്റകരമായ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കാൻ എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് ഡിജിപി അനിൽകാന്ത് ചുമതലപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണിത്. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, ഡിസിപി എ. നസീം, ലീഗൽ അഡ്വൈസർ കെ ആര് സുചിത്ര, ഡി. എസ്. അതുല്യ (വിവർത്തക) എന്നിവരടങ്ങുന്ന സമിതിയാണ് പരിശോധന നടത്തിയത്.
റിപ്പോർട്ടിലെ പ്രസക്ത ഭാഗം
ചുരുളി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍, നാട്ടില്‍ പലവിധ കുറ്റകൃത്യങ്ങള്‍ നടത്തി നിയമത്തില്‍ നിന്ന് രക്ഷപെട്ട് ഒളിച്ചു താമസിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ ജീവിതമാണ് ചുരുളി സിനിമയിലെ പ്രമേയം. മനുഷ്യന് കടന്നു ചെല്ലാന്‍ പ്രയാസമുള്ള കൊടുങ്കാട്ടിലാണ് ചുരുളി എന്ന സാങ്കല്‍പ്പിക ഗ്രാമം. ഒരു അനധികൃത ചാരായ നിര്‍മാണ കേന്ദ്രവും പരിസരവുമാണ് സിനിമയില്‍ അരങ്ങേറുന്നത്. ചുരുളിയിലെ കഥാപാത്രങ്ങള്‍ എല്ലാ ദിവസവും നിലനില്‍പ്പിനായി പോരാട്ടം നടത്തുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. പ്രകൃതിയില്‍ നിന്നും മറ്റു പലവിധ സ്രോതസ്സുകളില്‍ നിന്നും ആപത്തു സംഭവിച്ചേക്കാവുന്ന രീതിയിലാണ് ജീവിക്കുന്നത് എന്നാണ് സിനിമയില്‍ പ്രതി പാദിച്ചിട്ടുള്ളത്.
ഇത്തരം ദുഷ്ക്കരമായി ജീവിക്കുന്ന കഥാപാത്രങ്ങള്‍, പ്രേക്ഷകരില്‍ വിശ്വാസ്യത ഉളവാക്കണമെങ്കില്‍ ആ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ അതിന് അനുസരിച്ചതായിരിക്കണം. അത് എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കലാകാരനാണ്. അതിനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ സഭ്യമായ ഭാഷ മാത്രമെ ഉപയോഗിക്കുവാന്‍ പാടുള്ളു എന്ന് നിഷ്കര്‍ഷിക്കാന്‍
സാധിക്കുകയില്ല.
കഥാപാത്രങ്ങളുടെ ഭാഷയും ശൈലിയും കഥാപാത്രങ്ങളുടെ സൃഷ്ടിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കഥാപാത്രസൃഷ്ടിക്കും വിശ്വസ്തതക്കും ഭാഷ ഒരു അവിഭാജ്യഘടകമാണ്. അതുകൊണ്ടു തന്നെ
ഭാഷാപ്രയോഗങ്ങളെ കഥാപാത്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വിശകലനം നടത്തുവാന്‍ സാധ്യമല്ല. ഇത്ത രത്തിലുള്ള പദപ്രയോഗങ്ങള്‍ കഥാപാത്രത്തിന്റെ സൃഷ്ടിക്ക് അവിഭാജ്യഘടകമാണോ എന്നതാണ് ഇവിടെ ഉത്ഭവിക്കുന്ന ചോദ്യം.ചുരുളി എന്ന സിനിമയുടെ കഥയും സാഹചര്യവും കഥാപാത്രങ്ങളും പരിശോധിക്കുമ്പോള്‍ സിനിമയിലെ ഭാഷാപ്രയോഗങ്ങള്‍ കഥാപാത്രസൃഷ്ടിക്ക് അനിവാര്യമാണെന്ന് കാണാം. ചുരുളി എന്ന സിനിമയും അതിലെ കഥയും കഥാപാത്രങ്ങളും നിലവിലുള്ള നിയമങ്ങളെയോ ചട്ടങ്ങളെയോ ലംഘിക്കുന്നുണ്ടോ എന്നതാണ് അടുത്ത ചോദ്യം.
Sec 294 IPC പ്രകാരം ഒരു ഭാഷയോ പ്രയോഗമോ ചേഷ്ടകളോ “Obscenity” എന്ന കുറ്റകൃത്യമാകണമെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് അഥവാ ഒരു പൊതു ഇടത്തു വച്ച് നടക്കുന്നതായിരിക്കണം. പ്രായ/ ലിംഗ/ സാമ്പത്തിക/ സാമൂഹികമായ യാതൊരു തടസ്സങ്ങളും കൂടാതെ ആര്‍ക്കും കയറി ചെല്ലാവുന്നതും ഇറങ്ങി ചെല്ലാവുന്നതും ആയതാണ് പൊതു ഇടം/പൊതു സ്ഥലം എന്ന് നിയമം നിര്‍വ്വചിക്കുന്നു.
OTT പ്ലാറ്റ്ഫോം ഒരു പൊതു ഇടമല്ല. OTT പ്ലാറ്റ്ഫോം ആര്‍ക്കും എപ്പോഴും ആക്സസ് ചെയ്യാവുന്ന ഒരിടവുമല്ല. OTT ഒരു സബ്സ്ക്രിബ്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ഇന്റർനെറ്റ് കണക്ഷന്റെ സഹായത്തോടെ ഒരു സ്മാർട്ട് ടിവി അല്ലെങ്കില്‍ ഒരു സ്മാർട്ട് ഫോണില്‍ മാത്രമേ OTT പ്ലാറ്റ്ഫോമില്‍ ആക്സസ് ചെയ്യുവാന്‍ സാധിക്കുകയുള്ളു.
സബ്സ്ക്രിബ്ഷൻ ചെയ്താല്‍ മാത്രമെ OTTയിലേക്ക് പ്രവേശനമുള്ളു. ചുരുളി എന്ന സിനിമ സോണിലിവ് എന്ന OTT പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിച്ചതുകൊണ്ട് ആയത് പൊതു ഇടത്തില്‍ അല്ല പ്രദര്‍ശിപ്പിച്ചത്. അതിനാൽ Sec 294 IPC പ്രകാരം “Obscenity” എന്ന കുറ്റം ചുരുളി എന്ന സിനിമയില്‍ ചെയ്തതായി കണക്കിലെടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.