ചർച്ച ചെയ്യാതെ രാജ്ഭവന്റെ ധൂർത്ത്: ഗവർണറുടെ വിമാനയാത്രക്കൂലിയും അതിഥി സൽക്കാരത്തിലും ഒരുവർഷമുണ്ടായത്‌ ഇരട്ടിയിലധികം വർധന; വർഷത്തിൽ നൂറിൽ താഴെ ഫയൽ നോക്കുന്ന രാജ്ഭവനിൽ 165 ജീവനക്കാർ, മാസം അഞ്ഞൂറോളം ഫയലുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്കുള്ളത് 25 പേഴ്സണൽ സ്റ്റാഫ്

20

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ വിമാനയാത്രക്കൂലിയിൽ ഒരുവർഷമുണ്ടായത്‌ ഇരട്ടിയിലധികം വർധന. 2020-21ൽ 5,34,821 രൂപയായിരുന്നത് 2021-22ൽ 12,90,309 രൂപയായി. 7,55,488രൂപയുടെ വർധന. ഇതേ കാലയളവിൽ അതിഥിസൽക്കാരത്തിന്റെ തുകയും ഇരട്ടിയോളമായി. 2020-21ൽ 2,49,956 രൂപയായിരുന്നത്‌ 2021–-22ൽ 4,38,788 രൂപയായി. 2020-21 കാലയളവിൽ 13.50 ലക്ഷം രൂപ ദാനംചെയ്‌ത ഗവർണർ, ഇത്‌ 2021-22ൽ 25 ലക്ഷം രൂപയാക്കി.
വർഷത്തിൽ നൂറിൽ താഴെ ഫയലുകൾ കൈകാര്യം ചെയ്യുന്ന രാജ്‌ഭവനിലെ ചെലവുകൾ അറിയാൻ വിവരാവകാശപ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിലാണ് കണക്കുകൾ പുറത്തായത്. മാസംതോറും ഗവർണർ വാങ്ങുന്ന ശമ്പളം മൂന്നരലക്ഷം രൂപയാണ്‌. ഇതിനുപുറമെയാണ്‌ വൻതുക പലയിനങ്ങളിലായി ചെലവാക്കുന്നത്‌. ഗവർണർക്കുവേണ്ടി രാജ്‌ഭവൻ സെക്രട്ടറി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾക്കും ശമ്പളം പൊതുഖജനാവിൽനിന്നുതന്നെ. വർഷം നൂറിൽത്താഴെ ഫയൽ എത്തുന്ന രാജ്‌ഭവനിൽ 165 ജീവനക്കാരാണുള്ളത്‌. ഇതിൽ 675 രൂപ ദിവസവേതനം വാങ്ങുന്നവർമുതൽ 2,24,100 രൂപ  മാസ ശമ്പളം വാങ്ങുന്നവർവരെയുണ്ട്‌.
ഇവരിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ച ഏതാനും ചിലർ ഒഴികെയുള്ളവരെ  ഗവർണറുടെ സെക്രട്ടറിയാണ്‌ നിയമിക്കുന്നത്‌. അതായത്‌, ഫലത്തിൽ ഗവർണർ തന്നെയാണ്‌ നിയമനാധികാരി. ഗവർണറുടെ പേഴ്‌സ‌ണൽ സ്റ്റാഫായി, കോ- ടെർമിനസ് വ്യവസ്ഥയിൽ നിയമിച്ച അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി ഹരി എസ്‌ കർത്താ അടക്കം ആറുപേരുണ്ട്. 
ഇതിനുപുറമെ ഒരു ഫോട്ടോഗ്രാഫറുടെ തസ്‌തിക സൂപ്പർന്യുമററി ആയി സൃഷ്‌ടിച്ചിട്ടുണ്ട്. ഇയാളെ ഗവർണർ സ്ഥിരപ്പെടുത്തിയതാണ്‌. ധൂർത്തിന് പറയാൻ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളെക്കുറിച്ച്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുമ്പോഴാണ് രാജ്‌ഭവനിലെ ധൂർത്ത്‌ മറച്ചു വെക്കുന്നത്.   മാസം അഞ്ഞൂറിനടുത്ത്‌ ഫയൽ കൈകാര്യംചെയ്യുന്ന മന്ത്രിമാർക്ക്‌ ഓഫീസിലും വസതിയിലുമായാണ്‌ ശരാശരി 25 പേർ മാത്രം. രണ്ടു വർഷം കഴിയുമ്പോൾ  മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളെ മാറ്റി പുതിയ ആൾക്കാരെ നിയമിച്ച്‌ പെൻഷൻ ഉറപ്പാക്കുന്നുവെന്നാണ് ഗവർണറുടെ വാദം. രണ്ട് വർഷത്തേക്കായി നിയമനം നടക്കുന്നില്ലെന്ന് ഇത് ആവർത്തിക്കുകയാണ് ഗവർണർ. അഞ്ചു വർഷത്തേക്കാണ്‌ ഇവരുടെ നിയമനം. പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കുകയോ ഒഴിവാകുകയോ ചെയ്യുമ്പോഴാണ് നിയമനം ഉണ്ടാവുക. മുൻ സർക്കാരിന്റെ കാലത്തെ നിരവധി പേഴ്‌സണൽ സ്റ്റാഫുകൾ ഇപ്പോഴും തുടരുന്നുമുണ്ട്‌.

Advertisement
Advertisement