തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച് പോസ്റ്റ്മോർട്ടം നടത്തിയ സംഭവം: സമഗ്രാന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്

36

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ സമഗ്രാന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്. മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിലെ വീഴ്ചയിൽ അന്വേഷണ വിധേയമായി ഓർത്തോ യൂണിറ്റ് തലവൻ ഡോ. പി.ജെ ജേക്കബിനെ സസ്പെൻഡ് ചെയ്തത് ഉൾപ്പടെ പരിശോധിക്കാനാണ് രണ്ടംഗ സമിതിയെ നിയോഗിച്ചത്. കൊല്ലം മെഡിക്കൽ കോളജിലെ ഡോ. എസ്. ശ്രീകണ്ഠൻ, ഡോ. രഞ്ജു രവീന്ദ്രൻ എന്നിവർക്കാണ് അന്വേഷണ ചുമതല നൽകിയത്. ബുധനാഴ്ചയ്ക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

Advertisement

കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാതെ വകുപ്പ് മേധാവിക്കെതിരെ നടപടിയെടുത്തെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടന പ്രതിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വകുപ്പ് തലവനെതിരായ നടപടിയുൾപ്പെടെ വകുപ്പുതലത്തിൽ അന്വേഷണം നടത്താൻ തീരുമാനമായത്.വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പിൽ യൂസഫിൻറെ (46) മൃതദേഹമാണ് മെഡിക്കൽ കോളേജിൽ തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. ഇക്കഴിഞ്ഞ ജൂൺ എട്ട് ബുധനാഴ്ച രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു യൂസഫിന് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നാം തിയ്യതി മരിച്ചു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പോസ്റ്റ്‌മോർട്ടം നടപടികൾ ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ ഡ്യൂട്ടി ഡോക്ടർ എത്തിയപ്പോഴാണ് പോസ്റ്റ്മോർട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കൾ കൊണ്ടുപോയെന്നും അറിഞ്ഞത്. ഇതോടെ മെഡിക്കൽ കോളേജ് അധികൃതർ മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടു. ബന്ധുക്കൾ മൃതശരീരം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെ ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങുകയായിരുന്നു.

Advertisement