തെരുവുനായശല്യം: ജില്ലാ തലത്തില്‍ മന്ത്രിമാർ ഏകോപനം നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്

7

സംസ്ഥാനത്തെ തെരുവുനായശല്യം പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ ഏകോപനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്. തെരുവുനായകളുടെ പുനരധിവാസ കേന്ദ്രങ്ങള്‍, എ.ബി.സി. കേന്ദ്രങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയെല്ലാം എല്ലാ ദിവസവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ജില്ലകളുടെയും ചുമതല വിവിധ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവര്‍ ഏകോപനത്തിന് നേതൃത്വം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാനുള്ള അനുമതിക്ക് കേരളം സുപ്രീംകോടതിയോട് അഭ്യര്‍ഥിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. തെരുവുനായശല്യം തടയാന്‍ സംസ്ഥാനത്ത് പുതിയ കര്‍മപദ്ധതി നടപ്പാക്കും. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. മന്ത്രി ഇക്കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയിരുന്നു.
സെപ്റ്റംബര്‍ 28-ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ നായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീയെ അനുവദിക്കുന്നതിനും അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisement
Advertisement