പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.പി.അനിൽകുമാർ; 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അനിൽകുമാർ; കോൺഗ്രസിന് അസ്ഥിത്വം നഷ്ടമായെന്നും, ഒരു സമരം നടത്താൻ പോലും കെൽപ്പില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി, കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് സംഘപരിവാർ മനസുള്ളയാളെന്നും വിമർശനം

36

കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് ഇ മെയിലായി അയച്ചതായും അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘപരിവാർ മനസുള്ളയാൾ കേരളത്തിലെ കോൺഗ്രസിനെ നയിക്കുമ്പോൾ നീതി ലഭിക്കില്ലെന്ന് കെ.സുധാകരനെതിരെ അനിൽകുമാർ പറഞ്ഞു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെ.പി.സി.സി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് 4 പ്രസിഡൻ്റുമാർക്കൊപ്പം ജന. സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. ഇപ്പോഴത്തെ നേതൃത്വത്തിന്‍റേത് ഏകാധിപത്യ പ്രവണതയാണെന്നും അനിൽകുമാർ ആരോപിച്ചു. നേരത്തെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. നരേന്ദ്രമോദിക്കെതിരെ ഒരു സമരം നടത്താൻ പോലും കെൽപ്പില്ലാത്ത അസ്ഥിത്വമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് അനിൽകുമാർ പറഞ്ഞു. പാലക്കാട് എ.വി ഗോപിനാഥിനും തിരുവനന്തപുരത്ത് കെ.പി.പി.സി സെക്രട്ടറിയായിരുന്ന പി.എസ് പ്രശാന്തിനും ശേഷം പാർട്ടി വിടുന്നയാളായി അനിൽകുമാർ.