മഴ: മെഡിക്കൽ കോളേജുകളിൽ പ്രത്യേകം വാർഡുകൾ സജ്ജമാക്കിയെന്ന് ആരോഗ്യമന്ത്രി

8

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ അധിക സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ കോളേജുകളും പ്രത്യേക യോഗം ചേര്‍ന്ന് അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Advertisement

മെഡിക്കല്‍ കോളേജില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സൂപ്രണ്ടുമാര്‍ അറിയിച്ചിട്ടുണ്ട്. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സജ്ജമായിരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അനാവശ്യമായി ജീവനക്കാര്‍ ഈ സമയത്ത് ലീവെടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാര്‍പ്പിക്കണം. മറ്റ് ഗുരുതര രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാമ്പുകളിലും അത്യാവശ്യ പ്രതിരോധ സാമഗ്രികളും മരുന്നുകളും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിനും ഉറപ്പ് വരുത്തണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Advertisement