മഹാമാരിയുടെ തീവ്രത കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി; ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്, അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയമെന്ന് പിണറായി

7

കോവിഡ് മഹാമാരിയുടെ തീവ്രത കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന വാര്‍ത്താസമ്മേളത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. നിങ്ങള്‍ ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടിവരുന്നതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിച്ച് നിര്‍ത്തേണ്ടിവരുന്നത്. ഈ പരിമിതിയില്ലായിരുന്നുവെങ്കില്‍ കേരളമാകെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നെന്ന് ഞങ്ങള്‍ക്കറിയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചുകൊണ്ട്, ഈ രണ്ടാമൂഴം ചരിത്രത്തില്‍ ആദ്യമെന്നവണ്ണം സാധ്യമാക്കിയവരാണ് നിങ്ങള്‍. തുടങ്ങിവച്ചതും ഏറെ മുന്നോട്ടുകൊണ്ടുപോയതുമായ ക്ഷേമ, വികസന നടപടികള്‍ ആവേശപൂര്‍വ്വം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങള്‍. നിങ്ങള്‍ ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയവും’ മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിമൂലം നിയുക്ത ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ ഇടയിലേക്ക് തിരിച്ച് ചെന്ന് നന്ദി പറയാന്‍ പോലും കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്കാവട്ടെ ഇവിടേക്ക് വരുന്നതിന് മഹാമാരിമൂലം തടസ്സമുണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിന്റെ പ്രത്യേകതമൂലം വരാന്‍ ആഗ്രഹിച്ചിട്ടും വരാന്‍ കഴിയാത്ത ജനതയെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. 
ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ അത് അതിഗംഭീരമായി തന്നെ ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തെ ആരും തടയില്ല. ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയും. അതു കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. 
ആ നല്ല കാലത്തിന്റെ പുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍. സത്യപ്രതിജ്ഞ അല്‍പ്പം ഒന്ന് വൈകിച്ചതുപോലും ജനാഭിലാഷം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് അവസരം ഉണ്ടാകുമോ എന്ന് നോക്കാനാണ്. കഴിയുന്നത്ര ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അവര്‍ക്കാകെ തൃപ്തി വരുന്ന വിധത്തില്‍ ചടങ്ങ് നടത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, ഭരണഘടനാപരമായ ഉത്തരവാദിത്തം അനിശ്ചിതമായി വൈകിപ്പിക്കാനാവില്ലല്ലോ. അതുകൊണ്ട് പരിമിതികള്‍ക്കു വിധേയമായി ചടങ്ങ് നടത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
നാട്ടില്‍ ഉള്ളവര്‍ മുതല്‍ പ്രവാസി സഹോദരങ്ങള്‍ വരെ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് സത്യപ്രതിജ്ഞാ ചടങ്ങിനെന്നറിയാം. ചടങ്ങ് കാണാനായി മാത്രം കടല്‍ കടന്ന് ഇവിടേക്ക് വരാന്‍ കാത്തിരുന്ന നൂറുകണക്കിന് ആളുകളുണ്ട്. ശാരീരിക വൈഷമ്യങ്ങളും രോഗാവസ്ഥയും പോലും മറന്ന് കേരളത്തിന്റെ തന്നെ വിദൂര ദിക്കുകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ നിശ്ചയിച്ചിരുന്നവരുണ്ട്. അവരൊക്കെ അവരുടെ ജയമായി തന്നെയാണ് ഇതിനെ കാണുന്നത്. 
അവരുടെയൊക്കെ ആത്മാര്‍ത്ഥമായ സ്‌നേഹത്തിന് വാക്കുകള്‍ കൊണ്ട് നന്ദി പറഞ്ഞ് തീര്‍ക്കാനാവില്ല. നേരിട്ടുവന്ന് പങ്കെടുത്ത പോലെ കരുതണമെന്നും ദൃശ്യമാധ്യമങ്ങളിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണണമെന്നും അങ്ങനെ കാണുമ്പോഴും നേരിട്ട് കണ്ടതായി തന്നെ കരുതണമെന്നും അഭ്യര്‍ത്ഥിക്കട്ടെ. 
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയില്‍ അകമഴിഞ്ഞ് ആഹ്‌ളാദിക്കുന്ന വലിയ വിഭാഗം നാട്ടിലും പുറത്തുമുണ്ട്. രക്തസാക്ഷി കുടുംബങ്ങള്‍ മുതല്‍ ഈ വിജയം ഉറപ്പിക്കാനായി നിസ്വാര്‍ത്ഥമായി അഹോരാത്രം പണിപ്പെട്ടവര്‍ വരെ. ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ ഈ നാട്ടില്‍ എക്കാലവും പുലരണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍. 
ക്ഷേമത്തിന്റെയും വികസനത്തിന്റെയും പാതയിലൂടെ കേരളം എന്നും പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍. ഒരുപാട് സഹിച്ചവരുണ്ട്. കടുത്ത യാതനാനുഭവങ്ങളിലൂടെ കടന്നുപോയവരുണ്ട്. കോവിഡ് പ്രതിരോധത്തില്‍ ജീവന്‍ പോലും തൃണവത്ഗണിച്ച് സ്വയം അര്‍പ്പിച്ചവരുണ്ട്. എല്ലാവരോടുമായി പറയട്ടെ. സ്ഥിതിഗതികള്‍ മാറുമ്പോള്‍ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കേരള ജനതയ്ക്കാകെയുമുണ്ടായ ഈ വിജയം നമുക്ക് ഒരുമിച്ച് വിപുലമായ തോതില്‍ ആഘോഷിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് 500 പേരുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണ്ടതും 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആര്‍ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, ആന്റിജന്‍ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്.
നിയുക്ത എല്‍എല്‍എമാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള സൗകര്യം എംഎല്‍എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് 1ലും എര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് 1, പ്രസ്സ് ക്ലബ്  എന്നിവയ്ക്കു എതിര്‍വശത്തുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിട്ടുണ്ട്. 
കാര്‍ പാര്‍ക്കിങ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ് 2, കേരള യൂണിവേഴ്‌സിറ്റി കാമ്പസ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഡബിള്‍ മാസ്‌ക് ധരിക്കേണ്ടതും കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. പ്രത്യേക കാര്‍ പാസുള്ളവര്‍ക്ക് മറ്റു പാസുകള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി