രാജ്ഭവനിൽ കണക്കില്ലാതെ ചിലവുകൾ; അതിഥികളെ സൽക്കരിക്കാൻ മാത്രം ചിലവിട്ടത് ഒൻപത് ലക്ഷം; രാജ്യമാകെ അടച്ചിട്ട കോവിഡ് കാലത്തും ധൂർത്തിന് കുറവില്ല

15

രാജ്ഭവനില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അതിഥിസത്കാരത്തിന് ചിലവഴിച്ചത് ഒന്‍പതുലക്ഷത്തോളം രൂപ. അതിഥി സത്കാരച്ചെലവില്‍ ഓരോ വര്‍ഷവും അരലക്ഷം മുതല്‍ ഒരുലക്ഷം രൂപയുടെ വരെ വര്‍ധനയുമുണ്ട്. കോവിഡ് വ്യാപനം ലോകത്തെയാകത്തന്നെ നിശ്ചലമാക്കിയ 2020-21 സാമ്പത്തികവര്‍ഷത്തില്‍ 2.49 ലക്ഷം രൂപയും അതിഥി സത്കാരത്തിന് ചെലവാക്കി. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 3.71 ലക്ഷം രൂപയും അതിഥി സത്കാരത്തിന് ചെലവഴിച്ചു.
അതിഥിസത്കാരത്തിന് രാജ്ഭവന്‍ പണം ചെലവഴിക്കുന്നത് ഹോസ്പിറ്റാലിറ്റി എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍നിന്നാണ്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് 8,96,494 രൂപയാണ് സത്കാരത്തിനു വേണ്ടി രാജ്ഭവന്‍ ചിലവഴിച്ചത്.
ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ ആയതിനു ശേഷം അതിഥി സത്കാരച്ചെലവില്‍ ഓരോ വര്‍ഷവും ഗണ്യമായ വര്‍ധനയുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,98,891 രൂപയായിരുന്നു സത്കാരച്ചെലവ്. 2020-21 വര്‍ഷം അത് 2,49,956 രൂപയായി. അരലക്ഷത്തോളം വര്‍ധനയാണുണ്ടായത്. 2021-22 ല്‍ 3,71,273 രൂപയാണ് അതിഥിസത്കാരത്തിന് ചെലവാക്കിയത്. നിലവിലെ സാമ്പത്തികവര്‍ഷം തീരാന്‍ നാലുമാസം കൂടി ബാക്കി നില്‍ക്കേ നവംബര്‍ ഒന്നു വരെയുള്ള കണക്കു പ്രകാരം 76,374 രൂപ ഈ ഇനത്തില്‍ ചിലവഴിച്ചിരിക്കുന്നത്.
സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമായതിനാലാണ് ഓഡിറ്റിങ്ങിനു പോലും വിധേയമാകാറില്ലാത്ത രാജ്ഭവനിലെ ചെലവുകണക്കുകള്‍ ഇത്തരത്തില്‍ പുറത്തുവരുന്നത്. സാധാരണയായി സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്ഭവനില്‍ അറ്റ് ഹോം എന്ന പേരില്‍ ഗവര്‍ണര്‍ വൈകുന്നേരം ഒരു വിരുന്ന് സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ അത് നടന്നിട്ടില്ല. ഈ ചെലവിന് സര്‍ക്കാരില്‍നിന്ന് പ്രത്യേകമായി പണം എഴുതിവാങ്ങുകയാണ് രാജ്ഭവന്റെ രീതി. എന്നാല്‍ അറ്റ് ഹോം നടക്കാത്ത പശ്ചാത്തലത്തില്‍ ഈ പണം മറ്റ് കാര്യങ്ങള്‍ക്കായി ഗവര്‍ണര്‍ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഈ കണക്ക് ഉള്‍പ്പെടാതെയാണ് ഈ അതിഥി സത്കാരച്ചെലവ്.

Advertisement
Advertisement