രാഷ്ട്രപതി കേരളത്തിലെത്തി പറഞ്ഞതാണ് അമിത്ഷാക്കുള്ള മറുപടിയെന്ന് സീതാറാം യെച്ചൂരി; ജനകീയ പ്രതിരോധ യാത്ര സമാപിച്ചു

1

രാഷ്ട്രപതി കേരളത്തിലെത്തി പറഞ്ഞ കാര്യങ്ങളാണ് ബി.ജെ.പി സര്‍ക്കാരിനുള്ള മറുപടിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ കുറിച്ച് നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി പറയാനാണ് വന്നത്. എന്നാല്‍ രാഷ്ട്രപതി അത് എളുപ്പമാക്കി. രാഷ്ട്രപതി കേരളത്തെ കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞത്. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടത് എന്ന് രാഷ്ട്രപതി വിലയിരുത്തി. ഇതാണ് ബിജെപി സര്‍ക്കാരിനുള്ള മറുപടിയെന്ന് യെച്ചൂരി പറഞ്ഞു. ബിജെപി ഇതര സര്‍ക്കാര്‍ എന്ന നിലയില്‍ ബദല്‍ നയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഏക സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദി സര്‍ക്കാരിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ ദേശവിരുദ്ധരായി മുദ്ര കുത്തുന്ന രീതിയാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ഭരണ ഘടനയുടെ അടിസ്ഥാന ഘടന തകര്‍ക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങള്‍ തകര്‍ക്കാന്‍ വര്‍ഗീയ കോര്‍പ്പറേറ്റ് അച്ചു തണ്ട് ശ്രമിക്കുകയാണ്. ലോകത്തെ 140 കോടി ജനങ്ങള്‍ കൂടെ ഉണ്ടെന്ന് പ്രധാനമന്ത്രി നുണ പറയുകയാണ്. മോദി പ്രധാനമന്ത്രി ആയത് 37 ശതമാനം ആളുകളുടെ വോട്ട് കൊണ്ടാണ്. ബാക്കി 63 ശതമാനം ജനങ്ങളും ബി.ജെ.പിക്ക് എതിരായാണ് വോട്ട് ചെയ്തതെന്നും യെച്ചൂരി വ്യക്തമാക്കി. ഇന്ത്യ ഇന്ദിരഗാന്ധിയോ, മോദിയോ, അദാനിയോ അല്ല അത് രാജ്യത്തെ ജനങ്ങളാണെന്നും യെച്ചൂരി പറഞ്ഞു.ബിജെപി ലവ് ജിഹാദിന്റെയും, പശുവിന്റെയും പേരില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കരുത്. ്ബിജെപിക്കൊപ്പം ചേര്‍ന്ന പുതിയ സഖ്യകക്ഷികളാണ് മാധ്യമങ്ങള്‍. ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. നീതി അയോഗിന് പോലും വികസന സൂചികയില്‍ കേരളം ഒന്നാമതെന്ന് പറയേണ്ടി വന്നു. മോദിയുടെ സ്വന്തം സ്ഥാപനങ്ങള്‍ക്ക് പോലും കേരളം ഒന്നാമതാണെന്ന് പറയാതിരിക്കാന്‍ വയ്യ. പ്രതിരോധ ജാഥയ്ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ അതിയായ പ്രാധാന്യമുണ്ടെന്നും യെച്ചൂരി പറഞ്ഞു.

Advertisement
Advertisement