റെയിൽവേയുടെ മറ്റേത് പദ്ധതിയേക്കാളും മികച്ച ഡി.പി.ആർ: കെ റെയിൽ

4

ഇന്ത്യയിലെ മറ്റ് റെയിൽവേ പദ്ധതിയുടെ ഡി.പി.ആറിനേക്കാളും വിശദാംശങ്ങൾ അടങ്ങിയതാണ് സിൽവർലൈൻ ഡി പി ആറെന്ന അവകാശവാദവുമായി കെ റെയിൽ കമ്പനി രംഗത്ത്. ഒരു ഡിപിആർ തയ്യാറാക്കുമ്പോൾ പാലിക്കണ്ട എല്ലാ മാനദണ്ഡങ്ങളും കെ റെയിൽ പാലിച്ചിട്ടുണ്ടെന്നും ഡിപിആർ, സർവ്വേ റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമാണെന്നും അതെല്ലാം ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതുമാണെന്നും കെ-റെയിൽ ഉപദേഷ്ടാവും ഇന്ത്യൻ റെയിൽവേയുടെ റിട്ടയേർഡ് അഡീഷണൽ ജനറൽ മാനേജറുമായി എസ് വിജയകുമാരൻ പറഞ്ഞു.

Advertisement

കെ റെയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പ്

സാമൂഹികാഘാത പഠനം നടത്തുന്നതിന് വേണ്ടിയാണ് കല്ലിട്ട് സ്ഥലം അടയാളപ്പെടുത്തി സർവ്വേ നടത്തിയത്. പിന്നീട് ജിയോ ടാ​ഗിങ് സംവിധാനത്തിലേക്ക് മാറി. സിൽവർലൈൻ പദ്ധതിക്ക് വേണ്ടി ടോപ്പോഗ്രഫിക്കൽ സർവ്വേ നടത്തിയത് ലിഡാർ സംവിധാനം ഉപയോഗിച്ചാണ്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും നൂതനമായ സംവിധാനമാണിത്. വളരെ കൃത്യമായ ഫലമാണ് ഇതുവഴി ലഭിക്കുന്നത്. ആളുകൾക്ക് ഒരുവിധത്തിലുമുള്ള ബുദ്ധിമുട്ടും ഏരിയൽ സർവ്വേ വഴി ഉണ്ടാവുകയില്ല എന്നത് മെച്ചമാണെന്നും കെ-റെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ജയകുമാർ പറഞ്ഞു. കാസർഗോഡ്-തിരുവനന്തപുരം അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനുമായി ബന്ധപ്പെട്ട് കെ-റെയിൽ നടത്തിയ ജനസമക്ഷം സിൽവർലൈൻ ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സിൽവർലൈൻ പദ്ധതിക്ക് വേണ്ടി 55% എംബാങ്ക്‌മെന്റും 45% വയഡക്റ്റും എന്നത് ചെലവ് കുറയ്ക്കാൻ വേണ്ടി കൂടിയുള്ള തീരുമാനമാണെന്ന് എസ്.വിജയകുമാരൻ പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ ഭൂരിഭാഗം പാതകളും എംബാങ്ക്‌മെന്റിലൂടെയാണ് കടന്നുപോകുന്നത്. 80 വർഷത്തിലധികമായി കേരളത്തിലൂടെ റെയിൽപ്പാത കടന്നുപോകുന്നു. എവിടെയും വെള്ളപ്പൊക്കമുണ്ടായിട്ടില്ല. ഇന്ത്യയിലൊരിടത്തും റെയിൽവേ ലൈൻ കാരണം വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല. ഇതിനു കാരണം ഇന്ത്യൻ റെയിൽവേയുടെ നയങ്ങളാണ്. മുമ്പുണ്ടായ വെള്ളപ്പൊക്കങ്ങളുടെ പരമാവധി ഡാറ്റ ശേഖരിച്ചാണ് ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. റെയിൽവേയുടെ റിസർച്ച് ഡിസൈൻ ഓർഗനൈസേഷനും സെൻട്രൽ വാട്ടർ കമ്മീഷനും സംയുക്തമായാണ് ഈ പഠനങ്ങൾ നടത്തുന്നത്. മുപ്പത് വർഷമായി അവർ നടത്തിയ പഠനങ്ങൾ ലഭ്യമാണ്. പഠനങ്ങൾ പ്രകാരം കേരളം 5എ 5ബി 5സി എന്ന് തരം തിരിച്ചിട്ടുള്ള സബ്‌സോണൽ റിപ്പോർട്ട് പരിധിയിലാണ് വരുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി തരംതിരിച്ച് വളരെ ആഴത്തിൽ പഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടാണിത്. ഈ റിപ്പോർട്ട് പ്രകാരം രൂപകൽപ്പന ചെയ്യുന്ന ഒരു നിർമ്മാണങ്ങളും ഒരു തരത്തിലും കേരളത്തിൽ വെള്ളപ്പൊക്കമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിലിന്റെ ഫേയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും ലൈവായി നടന്ന പരിപാടിയിൽ സെക്ഷൻ എൻജിനീയർ പ്രശാന്ത് സുബ്രഹ്മണ്യം, പിആർ കോർഡിനേറ്റർ പി.ടി മുഹമ്മദ് സാദിഖ് എന്നിവരും പങ്കെടുത്തു.

Advertisement