ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച് ഗവര്‍ണര്‍

4

ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവര്‍ രാജ്ഭവനില്‍ നേരിട്ടെത്തിയാണ് പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചത്. ക്ഷണം നിരസിച്ച ഗവര്‍ണര്‍, സര്‍ക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും അറിയിച്ചു.
ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ ഒന്നുവരെ കേരളത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ പരിപാടിയുടെ നവംബര്‍ ഒന്നിന് നടക്കുന്ന സമാപന പരിപാടിയിലേക്ക് ക്ഷണിക്കാനാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തിയത്. എന്നാല്‍ ക്ഷണം ഗവര്‍ണര്‍ നിരസിച്ചു. തനിക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളീയരുടെ വൈകാരിക ഉത്സവമായ ഓണാഘോഷ പരിപാടിയിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു ക്ഷണം ഉണ്ടായില്ല. മാത്രമല്ല, ഗവര്‍ണര്‍ക്ക്‌ ആ ദിവസം അസൗകര്യമാണെന്നും അട്ടപ്പാടിയിലെ ഒരു പരിപാടിയില്‍ ആണെന്നുമുള്ള വിധത്തില്‍ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി വിവരങ്ങള്‍ പുറത്തുവിട്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Advertisement
Advertisement