വിഴിഞ്ഞം സമരക്കാരുമായി ചർച്ച നടത്തി ഗവർണർ

28

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് എതിരെയുള്ള സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമരസമിതി നേതാക്കളുമായി രാജ്ഭവനില്‍ അദ്ദേഹം ചര്‍ച്ച നടത്തി. ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരെ അടക്കമുള്ളവരാണ് 12.15 ന് ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ രാജ്ഭവനിലെത്തിയത്.
സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. അതിനിടെ, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ലത്തീന്‍ അതിരൂപതയുടെ ഭാഗത്തുനിന്ന് പലപ്പോഴായി ഉണ്ടായത്. അതിനിടെയാണ് ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. ചൊവ്വാഴ്ച ലത്തീന്‍ അതിരൂപതയുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയണമെന്ന് പറയുകയായിരുന്നു. തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഇത്തരം ഒരു നീക്കമെന്നതും ശ്രദ്ധേയമാണ്.
ഫാ. യൂജിന്‍ പെരേരയടക്കം മൂന്നുപേരാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആവശ്യം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Advertisement
Advertisement