ശക്തമായ മഴക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി: ഡാമുകൾ തുറന്നു വിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി

4

സംസ്ഥാനത്തെ ഡാം സുരക്ഷ വിലയിരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ കെഎസ്ഇബി ഡാമുകൾ തുറന്ന് വിടേണ്ട അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കി വിടുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement

ജലസേചന വകുപ്പിന് കീഴിലുള്ള 17 ഓളം അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്ത് വിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല.ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളില്‍ നിന്നും ഇപ്പോള്‍ ജലം തുറന്നുവിട്ടിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുള്ളതാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവൻമാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement