സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍; ദൃശ്യങ്ങൾ പ്രദർശിപ്പിച്ചും കത്തുകൾ പുറത്ത് വിട്ടും രാജ്ഭവനിൽ വാർത്താസമ്മേളനം

6

സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള രാജ്ഭവനില്‍ വിളിച്ചു ചേര്‍ത്ത ‘ഹൈടെക്’ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. സര്‍ക്കാരിനെതിരെ രാജ്ഭവനില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിന്റെ പി.ആ.ര്‍ഡി ദൃശ്യങ്ങള്‍ ഗവര്‍ണര്‍ കാണിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയത് രാജ്ഭവനല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പി.ആര്‍.ഡി.യും ചാനലുകളും പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ഐ.പി.സി 124-ാം വകുപ്പ് ഉദ്ധരിച്ചാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. കണ്ണൂരില്‍ നടന്നത് നേരിട്ട് കേസെടുക്കാവുന്ന കുറ്റമാണ്. ഗവര്‍ണറെ ഏതെങ്കിലും വിധം തടയുന്നത് കുറ്റകരമാണ്. അക്രമിക്കുന്നതും തടയുന്നതും ശിക്ഷാര്‍ഹം. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ പോലീസിനെ പിന്തിരിപ്പിച്ചതായും കെ.കെ രാഗേഷിനെ ലക്ഷ്യമിട്ട് ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ വായിച്ചായിരുന്നു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ഗവര്‍ണറെ തടഞ്ഞാലുള്ള ശിക്ഷയാണ് വായിച്ചത്. ചരിത്രകോണ്‍ഗ്രസില്‍ നിശ്ചയിച്ച സമയക്രമം ലംഘിച്ചതായും ഗവര്‍ണര്‍ ആരോപിച്ചു. 45 മിനിട്ട് പരിപാടിക്ക് ഒന്നര മണിക്കൂറുകളോളം ഇരിക്കേണ്ടി വന്നു. ഇര്‍ഫാന്‍ ഹബീബ് സംസാരിച്ചത് ചരിത്രമല്ല. കൂടുതല്‍ സമയമെടുത്താണ് അദ്ദേഹം സംസാരിച്ചത്. അതിന് താന്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ പുനർനിയമിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് സമീപിച്ചുവെന്നും തന്നെ സമ്മർദത്തിലാക്കിയെന്നുംഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം പുറത്തുവിട്ടാണ് ഗവര്‍ണര്‍ വി.സി നിയമന വിവാദത്തില്‍ വിശദീകരണം നല്‍കിയത്.
പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി. എന്നാല്‍ വെയിറ്റേജ് നല്‍കാമെന്നായിരുന്നു താന്‍ പറഞ്ഞത്. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അഡ്വക്കേറ്റ് ജനറലിന്റേതുള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് ലഭിച്ചു. താന്‍ ആവശ്യപ്പെടാതെയാണ് നിയമോപദേശം ലഭിച്ചത്.
നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമ്മര്‍ദം കൂടിയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. 2021 ഡിസംബര്‍ എട്ടിനാണ് താന്‍ ആദ്യത്തെ കത്ത് മുഖ്യമന്ത്രിക്കയച്ചത്. സ്ഥാനത്ത് തുടരണമെന്നായിരുന്നു കത്തിന് വന്ന മറുപടി.
ചാന്‍സര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തനിക്കെന്തെങ്കിലും പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് താന്‍ ഇങ്ങനെ പറയുന്നത്. ഓര്‍ഡിനന്‍സിന് പോകാമെന്നും അതില്‍ താന്‍ ഉടന്‍ തന്നെ ഒപ്പുവെക്കാമെന്നും കത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പിന്നീടും കത്തുകള്‍ വന്നു. ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തി തന്നെ കണ്ടു. ജനുവരിയിലാണ് അവസാനത്തെ കത്ത് വന്നത്. ചാന്‍സലറായി തുടരണമെന്നും സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും കാണിച്ചായിരുന്നു കത്തെന്നും ഗവർണർ വ്യക്തമാക്കി

Advertisement

ഇ.പി ജയരാജനും കെ.ടി.ജലീലിനുമെതിരെയും ഗവർണർ പരോക്ഷ വിമർശനമുന്നയിച്ചു. അതേ സമയം രാജ് ഭവന് പുറത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ പോലീസിനെ രാജ്ഭവന് പുറത്ത് വിന്യസിച്ചു. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് രാജ്ഭവന് മുന്നില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി.

Advertisement