സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്നു; റവന്യു ഉദ്യോഗസ്ഥരെ തിരികെ വിളിക്കും; പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് എം.വി ഗോവിന്ദനും കാനം രാജേന്ദ്രനും

1

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടി സാമൂഹികാഘാത പഠനത്തിനും സര്‍വേയ്ക്കുമായി നിയോഗിച്ചിരുന്ന റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍വേയും ഭൂമിയേറ്റെടുക്കലും നിലച്ചതോടെയാണ് ഉദ്യോഗസ്ഥരെ തിരികെ വിളിക്കാന്‍ തീരുമാനിച്ചത്. ഭൂമിയേറ്റെടുക്കലിനായി ചുമതലപ്പെടുത്തിയ 205 ഉദ്യോഗസ്ഥരെയാണ് മാതൃവകുപ്പിലേക്ക് തിരിച്ചുവിളിക്കുന്നത്. 11 യൂണിറ്റുകളും ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെയുമാണ് ഇതിനായി നിയോഗിച്ചിരുന്നത്.
പദ്ധതിയ്‌ക്കെതിരെയുള്ള വ്യാപകമായി എതിര്‍പ്പിനെ തുടര്‍ന്ന് സാമൂഹികാഘാത പഠനം തുടങ്ങാനായിട്ടില്ല. പദ്ധതിയ്ക്ക് വേണ്ടിയുള്ള സര്‍വേയും കല്ലിടലും നിര്‍ത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അവരുടെ മാതൃവകുപ്പുകളിലേക്ക് തിരികെ വിളിച്ചത്.
അതേസമയം, കേന്ദ്രാനുമതി ലഭിച്ചാല്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും 50 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.
സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ക്ക് കേന്ദ്രാനുമതി അനിവാര്യമാണെന്നും കേന്ദ്രം അനുകൂലമായി വന്നാല്‍മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാകൂ എന്നും കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഇ.എം.എസ്. അക്കാദമി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

Advertisement
Advertisement