സ്കൂൾ അന്തരീക്ഷവും സൗകര്യവും അടിമുടി മാറണം;ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം സമർപ്പിച്ചു

1

സ്കൂളുകളിലെ അക്കാദമിക്‌ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശുപാർശകളുമായി ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം മുഖ്യമന്ത്രിക്കു സമർപ്പിച്ചു. കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിനായി സ്കൂൾ അന്തരീക്ഷവും സൗകര്യവും അടിമുടി മാറ്റണമെന്നാണ് മുഖ്യശുപാർശ.

Advertisement

ക്ലാസ് സമയം ഉച്ചവരെ മതിയെന്നാണ് മറ്റൊരു ശുപാർശ. പ്രൈമറി സ്കൂളുകൾ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാവാം. ചർച്ചകളിലൂടെയും സമവായത്തിലൂടെയുമാവണം സമയമാറ്റം പരിഗണിക്കേണ്ടത്. ‘മൂല്യനിർണയം’ എന്ന നിലയിലുള്ള ഇപ്പോഴത്തെ യാന്ത്രികപരീക്ഷ മാറ്റി ‘വിലയിരുത്തൽ’ എന്നതിലേക്കുമാറണം.

പ്രായത്തിനനുഗുണമായ വിദ്യാഭ്യാസമാണ് ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നത്. അത്‌ തുടരണം. എന്നാൽ, കഴിവിനനുസരിച്ചുള്ള വിദ്യാഭ്യാസരീതിയിലേക്ക് വളരണം. കല, കായികം, ശാസ്ത്രാന്വേഷണം തുടങ്ങിയ മേഖലയിലാണ് വിദ്യാർഥികൾക്ക് പ്രത്യേക താത്‌പര്യമെങ്കിൽ ആ കഴിവ്‌ പരിപോഷിപ്പിക്കാനുള്ള പ്രത്യേക സൗകര്യവും അന്തരീക്ഷവും സ്കൂളുകളിൽ സജ്ജമാക്കണം.

ഉച്ചയ്ക്കുശേഷമുള്ള സമയം ഇതിനായി പ്രയോജനപ്പെടുത്താം. കുട്ടികൾക്ക് സ്വതന്ത്രമായി സ്വന്തം കഴിവുകൾ വികസിപ്പിക്കാനാവുംവിധം ശനിയാഴ്ച ‘ഓപ്പൺ ഡേ’യാക്കണം. സ്കൂൾ വിദ്യാഭ്യാസഘട്ടം പൂർണമായി മാതൃഭാഷയിലാകണം. ഇതോടൊപ്പം ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതരഭാഷാപഠനവും മെച്ചപ്പെടുത്തണം. വിദ്യാർഥിയുടെ ചിന്താപ്രക്രിയയെ ഫലപ്രദമായി വികസിപ്പിക്കാൻ പാകത്തിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

അധ്യാപകരും മാറണം

സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പരിവർത്തനങ്ങളെ ഉൾക്കൊള്ളാൻ അധ്യാപകരെ സജ്ജരാക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗത്തിൽ പറയുന്നു. ഘട്ടംഘട്ടമായി എല്ലാതലങ്ങളിലും അധ്യാപക യോഗ്യതയ്ക്കുള്ള മാനദണ്ഡം അധ്യാപകരാകാനുള്ള സവിശേഷ കോഴ്സുകൾ ഉൾപ്പെടെയുള്ള സംയോജിത മാസ്റ്റർ കോഴ്‌സാക്കി മാറ്റണം. അധ്യാപകസംഘടനകൾ നിശ്ചിതശതമാനം അധ്യാപകരെയെങ്കിലും പ്രതിനിധീകരിക്കണം. ഇതിനായി അധ്യാപക റഫറണ്ടം നടത്തണം.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. സമിതി അധ്യക്ഷൻ ഡോ. എം.എ. ഖാദർ, അംഗങ്ങളായ സി. രാമകൃഷ്ണൻ, ജി. ജ്യോതിചൂഡൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.

മറ്റു ശുപാർശകൾ

• കുട്ടികളിൽ തൊഴിൽ മനോഭാവം വളർത്തണം. പ്രായത്തിനനുസരിച്ചുള്ള തൊഴിൽ നൈപുണി വികസിപ്പിക്കണം.

• ഡിജിറ്റൽ ക്ലാസ് മുറികളടക്കമുള്ള ഐ.ടി. സാധ്യതകൾ തേടണം.

• പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിപാടി.

• ഭരണഘടന, ശാസ്ത്രബോധം എന്നിവയിലൂന്നി മൂല്യവിദ്യാഭ്യാസം നടപ്പാക്കണം.

• കുട്ടികളുടെ ആത്മവിശ്വാസം വളർത്താനും സ്വഭാവരൂപവത്കരണത്തിനും മെന്ററിങ് പദ്ധതി.

Advertisement