
തുക തുർക്കിക്ക് കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം കേരളത്തിന് നൽകിയിരുന്നു
ഭൂകമ്പത്തെ തുടർന്ന് തുർക്കിക്ക് കേരള സർക്കാർ വാഗ്ദാനം ചെയ്ത 10 കോടി സഹായ ധനം കൈമാറി. വിദേശ കാര്യ മന്ത്രാലയം വഴിയാണ് തുക കൈമാറുക. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റിൽ തുർക്കിക്ക് സഹായം നൽകുമെന്ന് അറിയിച്ചത്. ലോക മനസാക്ഷിയെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തു. ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുള്ളവർ മുന്നോട്ടു വരികയുണ്ടായി. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നീണ്ടു വന്ന സഹായങ്ങളെ ഈ ഘട്ടത്തിൽ നന്ദിയോടെ ഓർക്കുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു. തുക തുർക്കിക്ക് കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം കേരളത്തിന് നൽകിയിരുന്നു. ഭൂകമ്പ ദുരിതാശ്വാസത്തിനായി കേരളം പത്ത് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് ചർച്ചയുടെ മറുപടിയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ടെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.