Home Kerala Trivandrum ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ പണികഴിപ്പിച്ച 20,073 വീടുകള്‍ നാളെ നാടിനു സമര്‍പ്പിക്കും

ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ പണികഴിപ്പിച്ച 20,073 വീടുകള്‍ നാളെ നാടിനു സമര്‍പ്പിക്കും

0
ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ പണികഴിപ്പിച്ച 20,073 വീടുകള്‍ നാളെ നാടിനു സമര്‍പ്പിക്കും

ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ പണികഴിപ്പിച്ച വീടുകള്‍ നാളെ നാടിനു സമര്‍പ്പിക്കും. എല്‍.ഡി. എഫ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ 20,073 വീടുകളുടെ താക്കോല്‍ കൈമാറ്റമാണ് വ്യാഴാഴ്ച നടത്തുക. ലൈഫ് 2020 പട്ടികയിലുള്‍പ്പെട്ട ഉപഭോക്താക്കളുമായി കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള, ഭൂമിയുള്ള 3,69,262 ഭവനരഹിതരില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിയിരുന്നു. ഇതേത്തുടര്‍ന്ന് 46,380 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിനായി കരാറില്‍ ഏര്‍പ്പെടുകയും ഇതില്‍ 587 പേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു, മുഖ്യമന്ത്രി വ്യക്തമാക്കി.

ഭവനരഹിതരില്ലാത്ത കേരളമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലേക്കുള്ള കാല്‍വെപ്പാണിതെന്നും എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന നാടായി കേരളത്തെ മാറ്റാന്‍ വികസനപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here