ഭീമാ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിൽ കവർച്ച: വജ്രാഭരണങ്ങളും പണവും കവർന്നു; മോഷണം അതി സുരക്ഷയുള്ള വീട്ടിൽ

103

തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിൽ കവർച്ച. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷ്ടിച്ചത്.

രാജ്ഭവൻ അടങ്ങുന്ന കവടിയാറിലെ അതിസുരക്ഷാ മേഖലയിലെ ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും, കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിൽ നടന്ന മോഷണം പൊലീസിനെ കുഴപ്പിക്കുകയാണ്. മോഷ്ടാവ് നിസാരകാരനല്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എങ്ങോട്ടു തിരിഞ്ഞാലും സിസിടിവി ക്യാമറകൾ ഉള്ള പ്രദേശം. ഈ വീട്ടിലേക്ക് ഈച്ചക്ക് പോലും പ്രവേശിക്കണമെങ്കിൽ അതിന് അനുമതി വേണമെന്നാണ് പൊതുവേ പറയാറ്. അത്രയ്ക്ക് സുരക്ഷാ സംവിധാനങ്ങൾ ഈ വീട്ടിലുണ്ട്.

എളുപ്പത്തിൽ ആർക്കും ഈ വീടിന്റെ മതിൽ ചാടിക്കടക്കാൻ സാധിക്കില്ല. അത്രയ്ക്ക ഉയരുമുണ്ട് മതിലിന്. ഇത് കൂടാതെയുമുണ്ട് സുരക്ഷക്കായുള്ള സംവിധാനങ്ങൾ. സദാ റോന്തുചുറ്റാൻ സെക്യൂരിറ്റി ജീവനക്കാരുണ്ട്. പോരാത്തതിന് എല്ലാക്കോണിലും സിസി ടി വി സംവിധാനങ്ങലുമുണ്ട്.

കാവലിനായി മൂന്ന് നായ്ക്കളും ഈ വീട്ടിലുണ്ട്. ഗ്രേറ്റ് ഡെയ്ൻ ഉൾപ്പടെയുള്ള നായ്ക്കാളാണ് ഇവിടെയുള്ളത്. പുറമേ നിന്നും പരിചിതർ അല്ലാത്തവർ എത്തിയാൽ നായ്ക്കൾ ചാടി വീഴും. അങ്ങനെയുള്ള സ്ഥലത്തേക്ക് മോഷ്ടാവ് എത്തിയത് എങ്ങനെയെന്നത് അടക്കം പൊലീസിന് കുഴപ്പിക്കുന്നുണ്ട്. ഇത്രയും സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കണമെങ്കിൽ അത് ബണ്ടി ചോറിനെ പോലുള്ള പ്രഗത്ഭനായ ഒരു മോഷ്ടാവായിരിക്കും എന്നാണ് നിഗമനം.

രണ്ട് തരത്തിലുള്ള നിഗമനങ്ങളാണ് മോഷണത്തെ കുറിച്ചുള്ളത്. സമീപത്തെ ഏതെങ്കിലും വീടിന്റെ മുകളിൽ കയറി ജൂവലറി ഉടമയുടെ വീടിലേക്ക് കടന്നതായാണ് നിഗമനം. കൂടാതെ വീടിനു പിൻവശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോർവഴി മോഷ്ടാവ് അകത്തു കടന്നെന്ന വിലയിരുത്തലുമുണ്ട്.

വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് മ്യൂസിയം സിഐ പറഞ്ഞു.

ഗോവിന്ദന്റെ മകൾക്ക് വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനായി തയാറാക്കിവച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ബ്രേസ്ലെറ്റും മോതിരവും കമ്മലുമാണ് കവർന്നത്. രാജ്ഭവന് സമീപമുള്ള സുരക്ഷാ മേഖലയിൽ ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിൽ നടന്ന മോഷണം പൊലീസിനെയും കുഴപ്പിക്കുന്നു.

മ്യസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പുരുഷന്റെ ചിത്രമാണ് ലഭിച്ചിട്ടുള്ളത്.