മാനസയുടെ കൊലപാതകം ഞെട്ടിച്ചു: പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികളെ ശല്യം ചെയ്‌താൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി; സ്ത്രീധന വിവാഹങ്ങൾക്ക് ജനപ്രതിനിധികൾ പോകരുതെന്നും മുഖ്യമന്ത്രി

11

കോതമംഗലം നെല്ലിക്കുഴിയിൽ ബി.ഡി.എസ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജൂലൈ 30നാണ് മാനസ കൊല്ലപ്പെടുന്നത്. കണ്ണൂർ സ്വദേശിയായ രാഖിലാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ മാനസയെ വെടിവെച്ച് കൊന്നത്. ഇതിന് പിന്നാലെ സ്വയം വെടിവെച്ച് രാഖിൽ ആത്മഹത്യ ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തേക്ക് തോക്കുകൾ അനധികൃതമായി എത്തുന്നത്‌ തടയുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്ത്രീധനം തടയുമെന്നും ഇതിനായി ഗവർണർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ സ്വീകാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനത്തിനെതിരെ സാമൂഹികമായി ശക്തമായ എതിർപ്പ് ഉയർന്നു വരണം. സ്ത്രീധന വിവാഹങ്ങൾക്ക് ജനപ്രതിനിധികൾ പോകരുത്. സ്ത്രീധന വിവാഹങ്ങൾ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.