ചട്ടം പാലിക്കാതിരുന്നത് വീഴ്ച: സർക്കാരിനോട് മാപ്പ് ചോദിച്ച് ഡി.ജി.പി

102

ചട്ടങ്ങൾ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടിൽ സർക്കാരിനോട് മാപ്പ് ചോദിച്ച് ഡി.ജി.പി അനിൽകാന്ത്. പൊലീസ് വെബ്സൈറ്റ് നവീകരണത്തിന്റെ കരാർ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതിയില്ലാതെ നൽകിയതിലാണ് ഡി.ജി.പി വീഴ്ച സമ്മതിച്ചത്. ഡി.ജി.പിയുടെ വിശദീകരണം അംഗീകരിച്ച് ആഭ്യന്തരവകുപ്പ് നാല് ലക്ഷത്തിലേറെ രൂപയുടെ ഇടപാടിന് അനുമതി നൽകി. പൊലീസ് വെബ്സൈറ്റ് നവീകരിക്കാൻ തീരുമാനിച്ച ഡി.ജി.പി സ്വകാര്യ സ്റ്റാർടപ്പ് കമ്പനിക്ക് കരാർ നൽകി. അങ്ങിനെ കരാർ നൽകുന്നതിന് മുൻപ് രണ്ട് കാര്യങ്ങൾ ഡി.ജി.പി ചെയ്യണമായിരുന്നു.

Advertisement

1)സർക്കാരിനോട് മുൻകൂർ അനുമതി തേടണം 2)അതിന് ശേഷം ടെണ്ടർ ക്ഷണിച്ച്, വകുപ്പുതല ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ച്, കമ്മിറ്റിയുടെ അനുമതിയോടെയേ സ്വകാര്യ കമ്പനിക്ക് കരാർ നൽകാവു.
ഇത് രണ്ടും പാലിക്കാതെ സ്വന്തം നിലയി കരാർ നൽകിയ ഡി.ജി.പി നാല് ലക്ഷത്തി ആയിരത്തി ഇരുന്നൂറ് രൂപ സ്വകാര്യ കമ്പനിക്ക് കൈമാറുകയും ചെയ്തു. ഇതിന് അംഗീകാരം തേടി ആഭ്യന്തരവകുപ്പിനെ സമീപിച്ചപ്പോഴാണ് വിശദീകരണക്കുറിപ്പിൽ മാപ്പ് ചോദിച്ചത്. സമയപരിമിതി മൂലമാണ് വീഴ്ച സംഭവിച്ചതെന്നാണ് വിശദീകരണം. ഇനി ആവർത്തിക്കില്ലെന്നും അറിയിച്ചതോടെ ഫണ്ട് ചെലവഴിക്കലിന് സർക്കാർ അനുമതി നൽകി.

ചട്ടങ്ങൾ പാലിക്കാതെ സ്വകാര്യ കമ്പനികൾക്ക് ലക്ഷങ്ങളുടെ കരാർ നൽകുന്നത് അഴിമതിയാണെന്ന് മുൻ ഡി.ജി.പിയുടെ കാലത്ത് സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു. അതേ നിയമലംഘനം ഡി.ജി.പി മാറിയിട്ടും പൊലീസിൽ തുടരുന്നുവെന്ന വിമർശനമാണ് ആഭ്യന്തരവകുപ്പിൽ.

Advertisement