
ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചെന്ന് കാട്ടി കാർ യാത്രികന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചത്. അമളി തിരിച്ചറിഞ്ഞതോടെ പിഴയൊടുക്കേണ്ടെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്‍ തന്നെ സംഭവം ഒത്തുതീര്‍പ്പാക്കി.

KL 55 V 1610 എന്ന നമ്പറിലുള്ള വാഹനത്തില്‍ ബാവപ്പടിയിലൂടെ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സാലിയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്. സാലിക്ക് ഈ നമ്പറിലുള്ളത് ഒരു ആള്‍ട്ടോ കാറാണ്. നിയമലംഘനം നടന്നെന്ന് നോട്ടീസില്‍ പറയുന്ന ബാവപ്പടിയിലൂടെ സാലി അന്നേദിവസം യാത്രചെയ്തിട്ടുമില്ല. ഇതോടെ സത്യാവസ്ഥ അന്വേഷിച്ചിറങ്ങിയ സാലി മോട്ടോര്‍ വാഹന വകുപ്പിനെ തെറ്റ് ബോധ്യപ്പെടുത്തുകയായിരുന്നു.
രണ്ട് യുവാക്കള്‍ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്ന ചിത്രമാണ് നോട്ടീസിലുള്ളത്. ദൃശ്യം റോഡിലെ ക്യാറയില്‍ പതിഞ്ഞപ്പോള്‍ വാഹന നമ്പര്‍ തെറ്റിയതാകാം പിഴവിന് കാരണമെന്നാണ് നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീന് പിക് അപ്പ് വാനിന് ഹെൽമെറ്റ് ഇല്ലാതെ വാഹമോടിച്ചെന്ന് കാണിച്ച് പിഴ ചുമത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങൽ ഓഫീസിൽ നിന്ന് സന്ദേശമെത്തിയത്. ഹെൽമറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമായിരുന്നു പിക്കപ്പ് വാൻ രജിസ്ട്രേഷൻ നമ്പറിൽ ചെലാൻ നോട്ടീസ്. 500 രൂപ പിഴ ഒടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

ലിങ്ക് തുറന്ന് വാഹന നമ്പര്‍ അടക്കം രേഖപ്പെടുത്തി പരിശോധിച്ചപ്പോൾ KL02BD5318 വാഹന ഇനം ഗുഡ്സ് ക്യാരിയറെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപാ പിഴ ഒടുക്കണമെന്നും നോട്ടീസിലുണ്ടായിരുന്നു. കൊല്ലം മൈലക്കാട് കണ്ണനല്ലൂരിൽവച്ച് എംവിഡി ക്യാമറക്കണ്ണിൽപ്പെട്ട ബൈക്കിന്‍റെ ചിത്രത്തിലാകട്ടേ രജിസ്റ്റര്‍ നമ്പര്‍ പോലും വ്യക്തമായിരുന്നില്ല. സംഭവം വിവാദമായതോടെ നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. വണ്ടി നമ്പർ രേഖപ്പെടുത്തിയപ്പോൾ വന്ന പിഴവാണെന്നും നോട്ടീസ് പിൻവലിച്ചുവെന്നും എംവിഡി അറിയിച്ചു. ആറ്റിങ്ങൽ ആർടിഒയിലെ ഉദ്യോഗസ്ഥനാണ് പിഴവ് സംഭവിച്ചത്. പിഴ പിൻവലിച്ച വിവരം വാഹന ഉടമയായ ബഷീറിനെ വിളിച്ച് അറിയിച്ചു.