‘അവരെ കൊന്നതാണ്’: നെയ്യാറ്റിൻകരയിലെ ആത്മഹത്യ പോലീസിന്റെ നടപടികൾ സംശയ നിഴലിൽ; ഒഴിപ്പിക്കൽ ഉത്തരവ് ഇറങ്ങുന്ന ഒരു മണിക്കൂർ മുൻപേ പോലീസ് തിരക്കിട്ടെത്തി ഒഴിപ്പിക്കൽ നടപടികൾ

42

നെയ്യാറ്റിൻകര ആത്മഹത്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്‌റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായിരുന്നു പോലീസിന്റെ ഇടപെടലും തുടർന്നുണ്ടായ ആത്മഹത്യയും. പൊലീസ് തിടുക്കം കാട്ടിയില്ലായിരുന്നുവെങ്കിൽ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് മകൻ രഞ്ജിത്ത് പറയുന്നു.

സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞിട്ടാണ് പൊലീസ് കുടിയൊഴുപ്പിക്കാൻ തിടുക്കപ്പെട്ട് നീക്കം നടത്തിയതെന്നാണ് രഞ്ജിത്തിന്റെ ആരോപണം. ജനുവരി 15 വരെയാണ് കുടിയൊഴിപ്പിക്കൽ സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിറക്കിയത്.

ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് ആദ്യം രാജനും തൊട്ടു പിന്നാലെയാണ് ഭാര്യയും മരണത്തിനു കീഴടങ്ങിയത്.