കെ.എസ്.ആര്‍.ടി.സിക്ക് കേന്ദ്ര ജി.എസ്.ടി  വിഭാഗത്തിന്റെ നോട്ടീസ്; 78 ലക്ഷം ഉടൻ അടക്കണമെന്നാണ്

62

കെ.എസ്.ആര്‍.ടി.സിക്ക് കേന്ദ്ര ജി.എസ്.ടി  വിഭാഗത്തിന്റെ നോട്ടീസ്. 78 ലക്ഷം ഉടൻ അടക്കണമെന്നാണ് നോട്ടീസ്  സെസ് ആന്റ് റിസര്‍വേഷന്‍ ചാര്‍ജ് ഇനത്തില്‍ പിരിച്ചെടുത്ത തുകയ്ക്ക് ആനുപാതികമായ ജി.എസ്.ടി വിഹിതമായ 78 ലക്ഷം രൂപ എത്രയും പെട്ടെന്ന് അടയ്ക്കണമെന്നാണ് നിര്‍ദേശം.കെഎസ്ആര്‍ടിസിയുടെ എയര്‍ കണ്ടിഷന്‍ ചെയ്ത ബസുകളിലെ സെസ്, റിസര്‍വേഷന്‍ ചാര്‍ജ്, കൂപ്പണ്‍ എന്നിവയ്ക്ക് ഈടാക്കുന്ന തുക ജി എസ് ടി യുടെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ ഇതിനുള്ള ജി എസ് ടി കെഎസ്ആര്‍ടിസി ഇതുവരെ അടച്ചിട്ടില്ല. 2017 ലെ കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിലെ 15(2) വകുപ്പ് പ്രകാരം തുക അടയ്ക്കേണ്ടതാണ്. തുക അടയ്ക്കാത്തത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്യാംനാഥ് എസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ ബസിലെ ടിക്കറ്റിന് 5% ആണ് ജി എസ് ടി. അഞ്ചു വര്‍ഷത്തെ നികുതി കുടിശിക 78,61,742 രൂപയായാണ് വകുപ്പ് കണക്കുകൂട്ടിയിരിക്കുന്നത്. ഇതില്‍ പകുതി സംസ്ഥാന ജി എസ് ടിയും പകുതി കേന്ദ്ര ജി എസ് ടിയുമാണ്. 30 ദിവസത്തിനുള്ളില്‍ പണം അടയ്ക്കാനാണ് മാര്‍ച്ച് ഒന്നിന് തയാറാക്കിയ നോട്ടീസിലെ നിര്‍ദേശം. നിശ്ചിത സമയത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ അതിന് പലിശയും നല്‍കേണ്ടി വരും.എയര്‍ കണ്ടിഷന്‍ ചെയ്ത ബസുകളിലെ സെസ്, റിസര്‍വേഷന്‍ ചാര്‍ജ്, കൂപ്പണ്‍ എന്നിവയ്ക്ക് ഈടാക്കുന്ന തുക ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗൂഡ്സ് ആന്റ് സര്‍വീസ് ടാക്സ് ഇന്റലിജന്‍സ് കെഎസ്ആര്‍ടിസിയോട് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് സെസ്, റിസര്‍വേഷന്‍ തുക സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അക്കൗണ്ട്സ്) കൈമാറിയത്. ഇത് പരിശോധിച്ച ശേഷമാണ് നടപടി. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചാര്‍ജായി 30 രൂപയും റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് റിസര്‍വ് ചെയ്യുന്നതിന് 20 രൂപയും ഈടാക്കിയിരുന്നു. 2021 ഡിസംബര്‍ 31 വരെയായിരുന്നു ഇത്. 2022 ജനുവരി ഒന്ന് മുതല്‍ ഇത് 10 രൂപയായി കുറച്ചു. ശമ്പളവും പെന്‍ഷനും പോലും കൃത്യമായി നല്‍കാനാവാത്ത അവസ്ഥയിലുള്ള കെഎസ്ആര്‍ടിസിക്ക് മുക്കാല്‍ കോടിയോളം അടയ്ക്കേണ്ടി വരുന്നത് പ്രതിസന്ധി രൂക്ഷമാക്കും.

Advertisement
Advertisement