പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

10

പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. പൂവാർ ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.

കാണാതായ സേവ്യറിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ചയാണ് മത്സ്യത്തൊഴിലാളികളുടെ ആറ് ബോട്ടുകൾ അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് ബോട്ടുകൾ ഹാർബറുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. 14 പേരെ കോസ്റ്റ്ഗാർഡും തൊഴിലാളികളും ചേർന്ന് രക്ഷപെടുത്തിയിരുന്നു. കാണാതായവരിൽ പൂന്തുറ സ്വദേശി ഡേവിഡ്‌സൺ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.