തീരദേശ ഹൈവേക്ക് സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജ് തയാറാക്കിയതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. ‘പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സമഗ്ര പാക്കേജാണ് ഇതിനായി തയാറാക്കിയത്. ഉടമസ്ഥാവകാശ രേഖകൾ ഉള്ളവർ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും. ഇവരുടെ കെട്ടിടം ഏറ്റെടുക്കുമ്പോൾ കണക്കാക്കുന്നതുകയിൽനിന്ന് തേയ്മാനചെലവ് കിഴിച്ച് പരിഹാരം നൽകി മൂല്യശോഷണ തുക കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നൽകുമെന്ന് മന്ത്രി പറഞ്ഞു.
സ്ഥലം വിട്ടു നൽകുന്നവർക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില നൽകും. പുനരധിവസിപ്പിക്കപ്പെടേണ്ടതായ കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരമോ നൽകും. ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവർ കാറ്റഗറി രണ്ടിലാണ്. ഇതനുസരിച്ച് തേയ്മാനമൂല്യം കിഴിക്കാതെയുള്ള കെട്ടിട വിലയാണ് നഷ്ടപരിഹാരമായി നൽകുക. പുനരധിവസിപ്പിക്കപ്പെടേണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നൽകും.
‘പ്രത്യേക പുനരധിവാസ പാക്കേജുകളില്‍ ഏറ്റവും മികച്ചതാണിത്. ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേക്ക് 52 സ്‌ട്രെച്ചിലായി 623 കിലോമീറ്റർ നീളമുണ്ടാകും. 44 സ്‌ട്രെച്ചിലായി 537 കിലോമീറ്റര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് പ്രവൃത്തി നടത്തുന്നത്.24 സ്ട്രെച്ചുകളിലായി 415 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. 50 കിലോമീറ്റർ ഇടവിട്ട് 12 ഇടങ്ങളില്‍ ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമാക്കും. ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും’.