ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സമഗ്രാന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചട്ടം 300 പ്രകാരമാണ് ബ്രഹ്‌മപുരം വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയത്തില്‍ ത്രിതല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബ്രഹ്‌മപുരത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ പ്ലാന്റ് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ കരാര്‍ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. പ്ലാന്റിന്റെ തുടക്കം മുതലുള്ള വിഷയങ്ങള്‍ അന്വേഷണത്തില്‍ പരിശോധിക്കും. യുഡിഎഫ് കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. ബ്രഹ്മപുരത്ത് തീപിടിത്തം സംബന്ധിച്ച് പോലീസിന്റെ പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക. തീപിടിത്തം സംബന്ധിച്ചും, ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടെത്തി സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
തീപിടിത്തം ആരംഭിച്ച മൂന്നാം തീയതി മുതല്‍ സ്വീകരിച്ച നടപടികള്‍ എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രി സഭയില്‍ വിശദീകരണം നല്‍കിയത്. ബ്രഹ്‌മപുരത്തെ തീപിടിത്തം മാര്‍ച്ച് 13 ന് പൂര്‍ണമായി അണച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അഗ്നിശമന സേനയുടെ ഭാഗമായി വിവിധ ഏജന്‍സികള്‍ നടത്തിയ പരിശ്രമങ്ങങ്ങളുടെ ഫലമായാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. നേവി, സിയാല്‍ തുടങ്ങിയവയുടെ സംവിധാനങ്ങളും രാപകകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ 2000 അഗ്നിശമന സേനാ പ്രവര്‍ത്തകര്‍, 500 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കാനും മുഖ്യമന്ത്രി തയ്യാറായി.
മാലിന്യ കൂമ്പാരത്തില്‍ ആറ് മീറ്ററോളം അഴത്തില്‍ തീ പകര്‍ന്നു. തീയണയ്ക്കുക നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു. കണക്കുകള്‍ പ്രകാരം 1,335 പേര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടി. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ആര്‍ക്കുമുണ്ടായില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.