ഇന്ന് കർക്കിടക വാവ്: പിതൃമോക്ഷ പ്രാപ്തിക്കായി പിണ്ഡമൂട്ടി പിന്മുറക്കാർ; ക്ഷേത്രങ്ങളിലും കടവുകളിലും വൻ തിരക്ക്

35

കർക്കിടക വാവിൽ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായുള്ള ബലിതർപ്പണ ചടങ്ങുകൾ ക്ഷേത്രങ്ങളിലും കടവുകളിലും പുരോഗമിക്കുന്നു. ആലുവാ മണപ്പുറത്തും നവാമുകുന്ദ കടവിലും നിളാ തീരത്തുമെല്ലാം ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ രാത്രി മുതൽ കർക്കിടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയായതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചിരുന്നു. വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിരുന്നു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണത്തെ ചടങ്ങുകൾ പുരോഗമിക്കുന്നത്. യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാൻ അനുമതി ഇല്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നി‍‍ർദേശിച്ചിട്ടുള്ളത്. കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വിശേഷമായാണ് ഹൈന്ദവ സമൂഹം കണക്കാക്കുന്നത്. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ഇത് ചെയ്യാം. കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ രണ്ട് വർഷവും വീടുകളിൽ മാത്രമാണ് ബലിയിടാൻ അനുമതി നൽകിയിരുന്നത്. ജില്ലയിലെ പ്രധാന ബലി തർപ്പണ കേന്ദ്രങ്ങളായ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, ആറാട്ടുപുഴ മന്ദാരംകടവ്, പുഴക്കൽ ശ്രീധർമ ശാസ്താ ക്ഷേത്രം, പാറമേക്കാവ് ശാന്തിഘട്ട് ബലതർപ്പണ മണ്ഡപം, മഴുവഞ്ചേരി മാഹേശ്വര ക്ഷേത്രം, ഭാരതപ്പുഴ, തിരുവില്വാമല പാമ്പാടി ഐവർമഠം, പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രം, പുന്നയൂർക്കുളം തൃപ്പറ്റ് ശിവക്ഷേത്രം, വടക്കേകാട് തിരുവളയന്നൂർ മഹാദേവക്ഷേത്രം തുടങ്ങിയിടങ്ങളിലെല്ലാം ബലിതർപ്പണത്തിന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. പുലർച്ചെ മൂന്നോടെ തന്നെ ബലി തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കടവുകളിൽ പൊലീസ് സുരക്ഷയും സജ്ജമാക്കിയിട്ടുണ്ട്.

Advertisement
Advertisement