തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരേ വീണ്ടും അതിക്രമം

12

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരേ വീണ്ടും അതിക്രമം. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററിലെ വനിതാ ഡോക്ടറാണ് ശനിയാഴ്ച അര്‍ധരാത്രി അതിക്രമത്തിനിരയായത്. ചികിത്സയ്‌ക്കെത്തിയ രണ്ടുപേര്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നുമാണ് പരാതി. 

അര്‍ധരാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ടുപേര്‍ മെഡിക്കല്‍ സെന്ററിലെത്തിയത്. ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്‌സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം.

ചികിത്സ നടത്തുന്ന മുറിയിലേക്ക് കയറുന്നതിന് മുമ്പ് ചെരിപ്പ് ഊരാന്‍ പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടറെ അസഭ്യം പറയുകയും ചെരിപ്പ് ഊരി എറിയുകയുമായിരുന്നു. ഡോക്ടര്‍ മാറിനിന്നതോടെ തൊട്ടടുത്തുണ്ടായിരുന്ന നഴ്‌സിന്റെ ദേഹത്താണ് ചെരിപ്പ് വീണത്. പിന്നാലെ ഡോക്ടറെയും നഴ്‌സിനെയും ആക്രമിക്കാനും പ്രതികള്‍ മുതിര്‍ന്നു. സുരക്ഷാജീവനക്കാരനെത്തിയാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ്റിങ്ങല്‍ സ്വദേശികളായ അനസ്, സമദ് എന്നിവരാണ് അറസ്റ്റിലായത്. അനസ് ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്നയാളാണെന്നും പോലീസ് പറഞ്ഞു. ഡോക്ടര്‍ക്ക് നേരേ നടന്ന അതിക്രമത്തില്‍ ഐ.എം.എ. ചിറയിന്‍കീഴ് ഘടകം പ്രതിഷേധം രേഖപ്പെടുത്തി. 

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടാകുന്നത്.