നിയമസഭയിൽ അസാധരണ പ്രതിഷേധം; സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം

11

ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമസഭയില്‍ കയ്യാങ്കളി. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് പിടിച്ചുതള്ളിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
വാച്ച് ആന്‍ഡ് വാര്‍ഡിനെ കൂടാതെ മഫ്തിയില്‍ പോലീസും സഭയ്ക്കുള്ളിലുണ്ടായിരുന്നു. സമീപകാലത്തൊന്നുമുണ്ടാകാത്ത പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ രൂക്ഷമായ വാഗ്വാദവും ഉന്തും തള്ളുമുണ്ടായി. സ്പീക്കർ നിക്ഷ്പക്ഷമായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
സ്പീക്കറുടെ ഓഫീസിലേക്ക് മുദ്രാവാക്യം വിളികളുമായെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ മുറിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിന് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത വിധത്തില്‍ തടസ്സം സൃഷ്ടിച്ചായിരുന്നു ഓഫീസിനു മുന്നിലെ പ്രതിഷേധം. ഇവരെ മാറ്റാനുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ശ്രമമാണ് സംഘര്‍ഷഭരിതമായത്.
ഈ സമയം സ്പീക്കര്‍ക്ക് കവചമൊരുക്കി ഭരണപക്ഷ എംഎല്‍എമാരും എത്തിയത് പരസ്പരമുള്ള ആക്രോശത്തിന് ഇടയാക്കി. പ്രതിഷേധം തുടരുന്നതിനിടെ എംഎല്‍എമാരെ വലിച്ചിഴച്ചു. ഇതിനിടെ ചാലക്കുടി എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ് കുഴഞ്ഞുവീണു.
വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്‌തെന്ന ആരോപണവും ഉണ്ടായി. തങ്ങളെ വലിച്ചിഴച്ചതിനെതിരെ എം.എല്‍.എമാരായ കെ.കെ. രമയും ഉമ തോമസും വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ആരെയും അക്രമിച്ചിട്ടില്ലെന്നും കെ.കെ. രമ വ്യക്തമാക്കി.
ഇന്നലെ സ്പീക്കര്‍ മടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Advertisement
Advertisement