‘കാക്കിയിട്ട് നിയമസംരക്ഷണത്തിനിറങ്ങിയവരെ ആ കുട്ടികളെ അനാഥരാക്കിയിട്ട് നിങ്ങളെന്തു നേടി’: നിങ്ങളാണെന്റെ അച്ഛനെ കൊന്നത്… അടക്കാനും സമ്മതിക്കില്ലേ; അച്ഛനെ അടക്കാൻ കുഴിയെടുക്കുന്നതിനിടെ നെഞ്ച് തകർന്ന് നെയ്യാറ്റിൻകരയിലെ മകൻ

54

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കളുടെ വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍. രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയില്‍ത്തന്നെ അടക്കംചെയ്യണമെന്നാവശ്യപ്പെട്ട് മക്കള്‍ കുഴിവെട്ടുന്നതിന്റെയും പോലീസ് തടയാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്‍ ഇന്ന് രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് പൊട്ടിക്കരയുന്ന മക്കള്‍, അമ്മകൂടി മരിച്ചാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് കരഞ്ഞു പറയുന്നത് ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. അച്ഛന്റെ മൃതദേഹം തങ്ങളുടെ മണ്ണില്‍ത്തന്നെ അടക്കംചെയ്യണമെന്നും മക്കള്‍ ആവശ്യപ്പെട്ടിരുന്നു. 

വീടിനു സമീപത്ത് അച്ഛന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിയെടുക്കുന്ന രാജന്റെ മകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. പോലീസ് ഇടപെട്ട് കുട്ടിയെ തടയുന്നതും കാണാം. ‘നിങ്ങള്‍ കാരണമാണ് അച്ഛന്‍ മരിച്ചത്, ഇനി അടക്കാനും പറ്റില്ലെന്നോ’ എന്ന് രാജന്റെ മകന്‍ പോലീസിനോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീടാണ് അമ്മ അമ്പിളിയും മരിച്ചത്.

കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം താമസിക്കുന്ന രാജന്‍  കുടിയൊഴിപ്പിക്കല്‍ തടയാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. 22നാണ് സംഭവം നടന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.

70 ശതമാനത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്പിളി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഗുരുതരപൊള്ളലേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാജന്റെ മക്കളാണ് സാമൂഹിക മാധ്യമത്തിലൂടെ പോലീസിനുനേരെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. സംഭവത്തിൽ പോലീസുകാർക്കിടയിലും വലിയ ചർച്ചക്കിടായാക്കിയിരുന്നു.