യു.വി ജോസ് ഇന്ന് വിരമിക്കും: തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ അപ്രതീക്ഷിത വെല്ലുവിളികളെ അതിജീവിച്ചു; ലൈഫ്മിഷൻ സി.ഇ.ഓ ആയിരിക്കെ നടന്നത് അസാധാരണ വേട്ടയാടലെന്ന് യു.വി.ജോസിന്റെ കുറിപ്പ്

18

ലൈഫ് മിഷൻ സി.ഇ.ഒ. ആയിരിക്കേ നടന്നത് അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങളെന്ന് യു.വി. ജോസ്. റെഡ് ക്രസന്റ് എന്ന അന്താരാഷ്ട്ര സംഘടനയുമായി നടന്ന എം.ഒ.യു. ഒപ്പിടലും അതിന്റെ മറവിൽ കുറച്ചുപേർ നടത്തിയ ഇടപാടുകളുമൊക്കെ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച സർവീസിൽനിന്ന് വിരമിക്കുന്നതിന് മുന്നോടിയായാണ് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ജോസ് വ്യക്തമാക്കി.

ലാൻഡ് റവന്യൂ കമ്മിഷണർ പോസ്റ്റിനൊപ്പം താൻ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷൻ സി.ഇ.ഒ. പോസ്റ്റും ഏറ്റെടുക്കാൻ 2018ലാണ് തിരുവനന്തപുരത്തുനിന്ന് വിളിവന്നത്. ലൈഫ് മിഷനിലായിരുന്നു കൂടുതൽ ശ്രദ്ധയും താത്പര്യവുമെടുത്തത്. ഒരുവർഷം കൊണ്ട് സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷകൾക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളർത്തി. രണ്ടുലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധനേടി. എന്നാൽ, അവിടന്നങ്ങോട്ട് ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചുകുലുക്കിയ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നതെന്ന് ജോസ് ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പും മാധ്യമങ്ങളുടെ ആക്രമണവും ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത മാനസികസംഘർഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും തെറ്റു ചെയ്യാത്തതിനാൽ ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശ്ശക്തി വീണ്ടെടുത്ത് പഴയപോലെ മുമ്പോട്ടുപോയി.

ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത തന്നെ ആരൊക്കെയോ സദാ വേട്ടയാടുന്നത് എന്തിനെന്ന് അറിയില്ല. ഔദ്യോഗികജീവിതം അവസാനിച്ചെങ്കിലും കൂടുതൽ അർഥവത്തായ ഒട്ടേറെ കാര്യങ്ങൾ സാധാരണജനങ്ങൾക്കായി ചെയ്തുതീർക്കാനുണ്ടെന്നു ജോസ് പറഞ്ഞു.