വാക്സിൻ വിതരണം: കേന്ദ്രത്തിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി, എന്തു കൊണ്ടാണ് വാക്സിൻ സൗജന്യമായി നൽകാത്തത്, ഫെഡറലിസം നോക്കേണ്ട സമയം ഇതല്ല; മറുപടി നൽകാൻ സമയം വേണമെന്ന് കേന്ദ്രം

14

പൗരന്മാര്‍ക്ക് എന്തുകൊണ്ട് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി. ഫെഡറലിസം നോക്കേണ്ട സമയമിതല്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ നയപരമായ വിഷയമാണ് ഇതെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു. 

വാക്‌സിനേഷന്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുളള ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് വളരെ പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചത്. 

34,000 കോടി രൂപയാണ് സൗജന്യ വാക്‌സിനേഷനായി വിനിയോഗിക്കേണ്ടത്. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ കേന്ദ്രം ഒരു തീരുമാനമെടുക്കാത്തത്. ഫെഡറലിസം നോക്കേണ്ട ഒരു സമയമല്ല ഇതെന്നും കോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കാണ് ചുമതല എന്ന നിലപാട് എന്താണ് കേന്ദ്രം എടുക്കുന്നതെന്ന് ചോദിച്ച കോടതി ആര്‍.ബി.ഐ.യുടെ ഡിവിഡന്റ് കൈയിലിരിക്കേ ഇത് വാക്‌സിനേഷനായി വിനിയോഗിച്ചുകൂടേയെന്നും ആരാഞ്ഞു.

എന്നാല്‍ നയപരമായ പ്രശ്‌നമാണ് അതുകൊണ്ട് ഇക്കാര്യത്തില്‍ മറപുടി സമര്‍പ്പിക്കാന്‍ കുറച്ചുസമയം ആവശ്യമാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഹര്‍ജി വാദത്തിനായി അടുത്ത ദിവസത്തേക്ക് മാറ്റി.