രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് എസ്.എഫ്.ഐയുടെ അതിക്രമം: സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന് കോൺഗ്രസ്, ഓഫീസ് അക്രമത്തെ അംഗീകരിക്കുന്നില്ലെന്ന് സി.പി.എം

22

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം. രാഹുൽഗാന്ധി എം.പിയുടെ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഓഫീസിലേക്ക് പ്രവർത്തകർ തള്ളി കയറിയതോടെ പൊലീസ് ലാത്തി വീശി. 20 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. എം.പി യുടെ ഓഫീസിൻറെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമമുണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അക്രമമെന്ന് വി.ഡി സതീശൻ ആരോപിച്ചു. മോദി നിറുത്തിയിടത്ത് നിന്നും പിണറായി തുടങ്ങുകയാണെന്ന് കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. ഓഫീസ് ആക്രമണത്തെ എ.ഐ.സി.സിയും അപലപിച്ചു. എന്നാൽ രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിനെ അംഗീകരിക്കുന്നില്ലെന്നും സമരം തീരുമാനിച്ചത് എസ്.എഫ്.ഐ ആണെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിന് പകരം ഓഫീസ് ആക്രമിച്ചത് ന്യായീകരണമില്ലെന്നും സി.പി.എം നേതാക്കൾ പ്രതികരിച്ചു.

Advertisement
Advertisement