കല്‍പ്പറ്റയില്‍ ദേശീയപാതയിൽ നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി ഹോട്ടല്‍ തകര്‍ന്നു

14

കല്‍പ്പറ്റയില്‍ വെള്ളാരംകുന്നിലെ ദേശീയ പാതയില്‍ ലോറി ഇടിച്ചുകയറി ഹോട്ടല്‍ തകര്‍ന്നു. തകര്‍ന്ന കെട്ടിടം ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മുന്നിലുണ്ടായിരുന്ന ട്രാവലറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകേറുകയായിരുന്നു. 

മൂന്ന് നിലയുള്ള ഹോട്ടല്‍ ആറ് മണിയോടെയാണ് ചെരിഞ്ഞു തുടങ്ങിയത്. ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പകരം കുന്നമ്പറ്റയിലൂടെയും ഗവണ്‍മെന്റ് കോളേജ് വഴിയും വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. കളക്ടര്‍ അദീല അബ്ദുള്ള ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.