ചെറുപ്പത്തിന്റെ സവിശേഷതയിലും രണ്ടാം പിണറായി മന്ത്രിസഭ

24

രണ്ടാം പിണറായി മന്ത്രിസഭ ചെറുപ്പം കൊണ്ടും ശ്രദ്ധേയം. നിയുക്ത മന്ത്രിമാരിൽ നാൽപ്പതിനു താഴെയുള്ളവർ ആരുമില്ല. അമ്പതിനു താഴെ മൂന്നുപേരുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ അമ്പതിനു താഴെ പ്രായമുള്ള ഒരേയൊരു മന്ത്രിയേ ഉണ്ടായിരുന്നുള്ളൂ; വി.എസ്. സുനിൽകുമാർ. ആ സ്ഥാനത്ത് ഇപ്പോൾ മൂന്നുപേർ ഉണ്ടെന്നതിനാൽ താരതമ്യേന ചെറുപ്പമെന്ന് അവകാശപ്പെടാം.

നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് നിയുക്ത മന്ത്രിമാരിൽ പ്രായം കുറവ് വീണാ ജോർജിനാണ്- 44 വയസ്സ്. 45 വയസ്സുള്ള പി.എ. മുഹമ്മദ് റിയാസാണ് തൊട്ടടുത്ത്. 47 വയസ്സുള്ള കെ. രാജൻ മൂന്നാമതും.

പ്രായത്തിലും മന്ത്രിസഭയിലെ കാരണവർ മുഖ്യമന്ത്രിതന്നെ. 77 വയസ്സുണ്ട് അദ്ദേഹത്തിന്. 76കാരൻ കെ. കൃഷ്ണൻകുട്ടിയും 75കാരൻ എ.കെ. ശശീന്ദ്രനും തൊട്ടുപിന്നിലുണ്ട്. ഈ മൂന്നുപേർമാത്രമാണ് എഴുപത് കടന്നവർ.

51കാരൻ പി. പ്രസാദ് ഉൾപ്പടെ പത്തുപേർ അമ്പതിനും അറുപതിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, സജി ചെറിയാൻ, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ.

അഞ്ചുപേരുടെ പ്രായം അറുപതിനും എഴുപതിനും ഇടയ്ക്കാണ്. എം.വി. ഗോവിന്ദൻ, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ. ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായതിന്റെ റെക്കോഡ് ഇപ്പോഴും രമേശ് ചെന്നിത്തലയ്ക്കുതന്നെ. 1986ൽ മന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് 29 വയസായിരുന്നു.