കൊച്ചിയിൽ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ കോർപ്പറേഷനെ വിമർശിച്ച് ഹൈക്കോടതി; സെക്രട്ടറിയെ വിളിച്ചു വരുത്തി, രണ്ടാഴ്ചക്കകം കാനകൾ മൂടണമെന്നും കളക്ടറോട് മേൽനോട്ടത്തിനും നിർദേശം; റോഡ് കുട്ടികൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് കോടതിയുടെ ഓർമപ്പെടുത്തൽ; ഖേദം പ്രകടിപ്പിച്ച് മേയർ

10

കൊച്ചിയിൽ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ കോർപ്പറേഷനെ വിമർശിച്ച് ഹൈക്കോടതി. നഗരത്തിലെ പല ഓടകളും തുറന്നിട്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം ഇവ മൂടാൻ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കോടതിയിൽ നേരിട്ട് ഹാജരായ കോർപ്പറേഷൻ സെക്രട്ടറി സംഭവത്തിൽ ക്ഷമ ചോദിച്ചു. പനമ്പള്ളി നഗറിൽ അമ്മയോടൊപ്പം റോഡിൽ നടന്ന കുട്ടി കാനയിൽ വീണ സംഭവത്തിന് പിന്നാലെയാണ് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ കോടതി നേരിട്ട് വിളിപ്പിച്ചത്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.  എംജി റോഡിലടക്കം നഗരത്തിലെ പലയിടത്തും ഓടകൾ തുറന്നിട്ടിരിക്കുകയാണ്. ഇത് മൂടാൻ നടപടി വേണമെന്ന് കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം ഓവുചാലുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ സ്ലാബ് ഇട്ട് മൂടുന്നതിന് നടപടി എടുക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു. ഇതിന് ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കണമെന്നും നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നഗര റോഡുകൾ മുതിർന്നവർക്ക് മാത്രമുള്ളതല്ലെന്നും കുട്ടികൾക്കും അവകാശപ്പെട്ടതാണെന്നും കോടതി അധികൃതരെ ഓർമ്മിപ്പിച്ചു. സംഭവം ദുഃഖകരമാണെന്ന് മേയർ അനിൽ കുമാർ പറഞ്ഞു. കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ഇനി ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.

Advertisement
Advertisement