തടവുകാര്‍ക്ക് പ്രത്യേക ശിക്ഷായിളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം പുതുക്കുന്നു; രാഷ്ട്രീയ തടവുകാർക്കും ആനുകൂല്യം ലഭിക്കും

6

വിശേഷ അവസരങ്ങളില്‍ തടവുകാര്‍ക്ക് പ്രത്യേക ശിക്ഷായിളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം പുതുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് നല്‍കുന്ന ഇളവിന് രാഷ്ട്രീയകുറ്റവാളികള്‍ക്കും അര്‍ഹതലഭിക്കുംവിധമാണ് മാനദണ്ഡം ഭേദഗതിചെയ്യുക.

Advertisement

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷാവസരങ്ങളില്‍ തടവുകാരെ വിട്ടയക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശമാണ് പരിഷ്‌കരിക്കുന്നത്. ഇതനുസരിച്ച് ജയിലില്‍ നിശ്ചിതകാലം പൂര്‍ത്തിയാക്കിയ രാഷ്ട്രീയക്കുറ്റവാളികള്‍ക്ക് ശിക്ഷാകാലം കഴിയുംമുമ്പുതന്നെ പുറത്തിറങ്ങാനാകും.

വധഗൂഢാലോചന, മറ്റു സഹായങ്ങള്‍, വധശ്രമം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജീവപര്യന്തക്കാരല്ലാത്ത രാഷ്ട്രീയക്കുറ്റവാളികള്‍ക്ക് ശിക്ഷായിളവിന് അര്‍ഹതലഭിക്കും. നിലവില്‍ കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവര്‍, മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്കും രാഷ്ട്രീയക്കുറ്റവാളികള്‍ക്കും ശിക്ഷായിളവ് നല്‍കിയിരുന്നില്ല. ഇതില്‍നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കി.

അനര്‍ഹരായവര്‍ക്ക് ശിക്ഷായിളവ് ലഭിക്കുന്നതൊഴിവാക്കാനാണ് മാനദണ്ഡം പുതുക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ആഭ്യന്തരവകുപ്പിന്റെ 2018-ലെ ഉത്തരവ് പ്രകാരം ശിക്ഷായിളവ് ലഭിക്കണമെങ്കില്‍ ശിക്ഷാകാലാവധിയുടെ 50 ശതമാനമോ പരമാവധി രണ്ടുവര്‍ഷംവരെയോ ശിക്ഷയനുഭവിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുവര്‍ഷം ശിക്ഷലഭിച്ചവര്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നു. ഇത്തരം ദുര്‍വിനിയോഗങ്ങള്‍ തടയാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം. മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തദിവസം ഉത്തരവിറക്കും.

മൂന്നുമാസത്തെ തടവിന് 15 ദിവസം ഇളവ്

പരിഷ്‌കരിക്കുന്ന മാനദണ്ഡമനുസരിച്ച് മൂന്നുമാസംവരെയുള്ള തടവിനു ശിക്ഷിക്കപ്പെട്ടവര്‍ക്ക് 15 ദിവസവും മൂന്നുമുതല്‍ ആറുമാസംവരെ തടവുശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ഒരു മാസവും ശിക്ഷാകാലയളവില്‍ ഇളവുലഭിക്കും. ആറുമാസത്തിനുമുകളില്‍ ഒരു വര്‍ഷംവരെ ശിക്ഷിക്കപ്പെട്ടവര്‍ക്ക് രണ്ടുമാസവും ഒന്നിനുമുകളില്‍ രണ്ടുവര്‍ഷംവരെ മൂന്നുമാസവും ശിക്ഷായിളവ് അനുവദിക്കാമെന്നും നിര്‍ദേശമുണ്ട്. രണ്ടിനുമുകളില്‍ അഞ്ചുവര്‍ഷംവരെ നാലുമാസവും അഞ്ചുമുതല്‍ 10 വര്‍ഷംവരെ അഞ്ചുമുതല്‍ ആറുമാസംവരെയും ഇളവ് ലഭിക്കും. ജീവപര്യന്തം തടവുകാര്‍ക്ക് 14 വര്‍ഷം ശിക്ഷാ കാലാവധി ബാധകമായിരിക്കും. അവര്‍ക്ക് ഇളവുകള്‍ ബാധകമല്ല.

Advertisement